പരസ്യ പ്രചാരണം ‘മെയിൻ പോസ്റ്റിൽ’ വേണ്ട

Share our post

കണ്ണൂർ: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായ രീതിയിൽ പ്രചാരണങ്ങൾ നടത്തരുതെന്ന് എം.സി.സി ജില്ലതല മോണിറ്ററിങ് സമിതി അറിയിച്ചു. കോർപറേഷനിലെ സ്ഥാനാർഥിയുടെ ഫോട്ടോ സഹിതമുള്ള തെരഞ്ഞെടുപ്പ് പരസ്യ ബോർഡ് ഡിവിഷനിലെ എല്ലാ പൊതുറോഡിലുമുള്ള ഇലക്ട്രിക്, ടെലിഫോൺ പോസ്റ്റുകളിൽ വ്യാപകമായി സ്ഥാപിച്ചിരിക്കുന്നതായും ഇവ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ച പരാതിയുടെ പശ്ചാത്തലത്തിലാണ് നിർദേശം.പരാതിയിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് കണ്ണൂർ കോർപറേഷന് നിർദേശം നൽകാൻ ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ല കലക്ടർ അരുൺ കെ. വിജയൻ ചെയർമാനായ എം.സി.സി ജില്ലതല മോണിറ്ററിങ് സമിതി യോഗം തീരുമാനിച്ചു.

പരിശോധനയുമായി ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ്

കണ്ണൂർ: നോട്ടീസുകൾ, ബാനറുകൾ, ബോർഡുകൾ, പോസ്റ്ററുകൾ, ചുവരെഴുത്തുകൾ, പൊതുയോഗങ്ങൾ, യോഗങ്ങൾ, സാമൂഹ്യ മാധ്യമങ്ങൾ മുഖേനയുള്ള പ്രചാരണ പരിപാടികൾ എന്നിവയുടെ നിയമസാധുതയും സ്‌ക്വാഡ് പരിശോധിക്കും. നോട്ടീസും ലഘുലേഖയും പ്രസിദ്ധീകരിക്കുന്നതും കമാനങ്ങൾ സ്ഥാപിക്കുന്നതും സംബന്ധിച്ച് കമീഷൻ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കും.

പത്രിക നാളെവരെ സമർപ്പിക്കാം

കണ്ണൂർ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് അവസാനിക്കും.

ഒരു സ്ഥാനാർഥിക്ക് മൂന്ന് സെറ്റ് പത്രിക സമര്‍പ്പിക്കാം. സംവരണ സീറ്റുകളില്‍ മത്സരിക്കുന്നവര്‍ ആ വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗ്ഗ സംവരണ വാര്‍ഡുകളില്‍ മത്സരിക്കുന്നവര്‍ അധികാരപ്പെട്ട ഉദ്യോഗസ്ഥനില്‍നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പത്രികയോടൊപ്പം അതത് സ്ഥാനങ്ങളിലേക്ക് നിശ്ചിത തുകയും കെട്ടിവക്കണം.

പഞ്ചായത്തില്‍ 2000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ 4000 രൂപയും കോര്‍പറേഷന്‍, ജില്ല പഞ്ചായത്ത് എന്നിവിടങ്ങളില്‍ 5000 രൂപയുമാണ് കെട്ടിവെക്കേണ്ടത്. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് തുകയുടെ പകുതി മതി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!