പോക്സോ കേസ് ; ശാസ്ത്രീയ തെളിവില്ലെങ്കിൽ സ്ഥിരതയുള്ള മൊഴി പരിഗണിച്ചും ശിക്ഷിക്കാം
ന്യൂഡൽഹി: പോക്സോ കേസുകളിൽ ശാസ്ത്രീയ തെളിവിന്റെയും സാക്ഷിമൊഴിയുടെയും അഭാവത്തിൽ സ്ഥിരതയുള്ള മൊഴിയുണ്ടെങ്കിൽ അതുപരിഗണിച്ച് പ്രതിയെ ശിക്ഷിക്കാമെന്ന് സുപ്രീംകോടതി. നാലുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിയുടെ ശിക്ഷശരിവച്ചാണ് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ വി അഞ്ജരിയ എന്നിവരുടെ ഉത്തരവ്. കുട്ടിയുടെ ശരീരത്തിൽ മുറിവുകളോ ആന്തരിക രക്തസ്രാവമോ ഉണ്ടായിരുന്നില്ലെന്നും തനിക്കെതിരെ സാക്ഷിമൊഴികൾ ഇല്ലെന്നും പ്രതിയായ ഛത്തീസ്ഗഡ് സ്വദേശി ദിനേശ് കുമാർ ജലധാരി വാദിച്ചുവെങ്കിലും കോടതി തള്ളി. കുട്ടിയുടെ അമ്മയുടെ മൊഴിയിൽ സ്ഥിരതയുണ്ടെന്നും പ്രതിയെ കാണുന്പോൾ കുട്ടി അസ്വസ്ഥയാകുന്നത് പ്രകടമായിരുന്നെന്നും ഉത്തരവിൽ പറഞ്ഞു. ശാസ്ത്രീയ തെളിവിന്റെ അഭാവത്തിൽ ശിക്ഷ ഏഴ് വർഷത്തിൽനിന്ന് ആറായി കോടതി കുറച്ചു.
