ഇന്‍കം ടാക്സ് ഓഫിസറുടെ ഒന്നേമുക്കാല്‍ കോടി തട്ടിയ യുവാവ് അറസ്റ്റില്‍
കണ്ണൂര്‍: ഓൺലൈൻ നിക്ഷേപത്തിന്റെ മറവിൽ ഇന്‍കംടാക്സ് ഓഫിസറുടെ ഒന്നേമുക്കാല്‍ കോടി തട്ടിയെടുത്ത സംഘത്തിലെ ഒരാള്‍ക്കൂടി അറസ്റ്റില്‍. ആലപ്പുഴ മണ്ണഞ്ചേരി കുന്നപ്പള്ളി ഷാ മന്‍സിലില്‍ അഹമ്മദ് കെയ്ഫിനെയാണ് (23) കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കീര്‍ത്തി ബാബുവിന്റെ നേതൃത്വത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തത്. ഉടുപ്പിയില്‍ ഇന്‍കം ടാക്സ് ഓഫിസറായിരുന്ന പരിയാരം ഏഴിലോട് റോസ് ആഞ്ചല്‍ വില്ലയിലെ എഡ്ഗാര്‍ വിന്‍സെന്റിനെയാണ് കെയ്ഫ് അടങ്ങിയ സംഘം തട്ടിപ്പിനിരയാക്കിയത്. ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ പണം നിക്ഷേപിച്ചാല്‍ വന്‍ലാഭം ഉണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. ഈ കേസില്‍ ഇതിനകം നാലുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. കേസില്‍പ്പെട്ടതോടെ മുഹമ്മദ് കെയ്ഫ് ഗൾഫിലേക്ക് മുങ്ങിയിരുന്നു. ഇതേത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. കഴിഞ്ഞദിവസം നാട്ടിലേക്ക് മടങ്ങാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ പൊലീസ് തടഞ്ഞ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എസ്.ഐ മനോജ്, എ.എസ്.ഐമാരായ സതീശന്, രാജീവന്, അശോകന്, സീനിയര്‍ സി.പി.ഒ അനീഷ് എന്നിവരടങ്ങിയ സംഘമാണ് കെയ്ഫിനെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
