ജില്ലാ ബിൽഡിംഗ് മെറ്റീരിയൽസ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ്; ഭരണസമിതിക്കും സെക്രട്ടറിക്കുമെതിരെ കേസ്
കണ്ണൂർ: നിക്ഷേപ തട്ടിപ്പിനെതിരെ കോൺഗ്രസ് നിയന്ത്രണത്തിലുള്ള ഭരണ സമിതിക്കും സെക്രട്ടറിക്കുമെതിരെ കോടതി നിർദ്ദേശത്തെ തുടർന്ന് പോലീസ് കേസെടുത്തു. ചക്കരക്കല്ലിലെ കണ്ണൂർ ജില്ല ബിൽഡിംഗ് മെറ്റീരിയൽസ് ഫർണിച്ചർ മാർക്കറ്റിംഗ് ആൻഡ് മാനുഫാക്ചറിങ് സൊസൈറ്റിക്കെതിരെയാണ് നിക്ഷേപകരായ അഞ്ചരക്കണ്ടി ഓടത്തിൽ പീടികയിലെ എം കെ സജിത്ത്, മുതുകുറ്റിയിലെ എ സജീവൻ, മുഴപ്പാലയിലെ എം വി ലിജേഷ് എന്നിവർ കോടതിയെ സമീപിച്ചത്. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി – 3 ൽനിന്നും അയച്ച പരാതിയിൽ ചക്കരക്കൽ പോലീസ് ആണ് കേസെടുത്തത്. സൊസൈറ്റി സെക്രട്ടറി ഇ കെ ഷാജി, ബാങ്ക് പ്രസിഡണ്ടും കോൺഗ്രസ് നേതാവുമായ കെ സി മുഹമ്മദ് ഫൈസൽ, അറ്റൻഡർ ശൈലജ,ഡയറക്ടർമാരായ ജനാർദ്ദനൻ പടന്നക്കണ്ടി, കെ സുധാകരൻ, കെ ഷാജി, സി പി ഗിരിജ, കെ സുരജ, സി എൻ പദ്മജ , വി വി ഷാജി, കെ പി രമേശൻ , സി മുകുന്ദൻ, ടി വി ജയപ്രകാശൻ എന്നിവർക്കെതിരെയാണ് ചക്കരക്കൽ പോലീസ് കേസെടുത്തത്. പരാതിക്കാരായ സജിത്ത് സൊസൈറ്റിയിൽ നിക്ഷേപിച്ച 5 ലക്ഷം രൂപയും സജീവന്റെ 8,61108 രൂപയും ലിജേഷിന്റെ 5,33750 രൂപയും ഇതുവരെയായി തിരിച്ചു നൽകിയില്ലെന്ന പരാതിയെ തുടർന്നാണ് കേസെടുത്തത്. സഹകരണ വകുപ്പ് നൽകിയ പരാതിയിൽ സെക്രട്ടറി ഷാജി, അറ്റൻഡർ ശൈലജ എന്നിവരെ നേരത്തെ റിമാൻഡ് ചെയ്തിരുന്നു. ഇരുവരും ജാമ്യം ലഭിച്ചതിനെ തുടർന്ന് പുറത്തിറങ്ങിയിരുന്നു.
