സ്വകാര്യ ടൂറിസ്റ്റ് ബസുകളുടെ പണിമുടക്ക്; ഇന്നും നാളെയും കേരള, കര്‍ണാടക ആർടിസികള്‍ സ്പെഷൽ സർവീസ് നടത്തും
കണ്ണൂർ: അന്തസ്സംസ്ഥാന സ്വകാര്യ ടൂറിസ്റ്റ് ബസുകളുടെ പണിമുടക്ക് നടക്കുന്ന പശ്ചാത്താലത്തില്‍ കേരളത്തിലേക്ക് ഇന്നും നാളെയുമായി ഇരു ആർടിസികളും സ്പെഷൽ സർവീസ് നടത്തും. ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്കും തിരിച്ചും സ്പെഷൽ ബസ് സർവീസുകൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളവും തമിഴ്നാടും കർണാടകയും പ്രത്യേകം പ്രവേശന നികുതി ഈടാക്കുന്നതിൽ പ്രതിഷേധിച്ചാണ് സമരം. കേന്ദ്ര സർക്കാരിന്റെ ഓൾ ഇന്ത്യ പെർമിറ്റെടുത്ത ടൂറിസ്റ്റ് ബസുകളിൽ നിന്ന് വീണ്ടും നികുതി ഈടാക്കുന്നത് പിൻവലിക്കും വരെ സമരം തുടരുമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ നിലപാട്. കേരളത്തിന്റെ വിവിധയിടങ്ങളിലേക്ക് പോകുന്ന അന്തസ്സംസ്ഥാന സ്വകാര്യബസുകളിൽ ഭൂരിഭാഗവും സമരത്തിൽ പങ്കെടുത്ത് സർവീസ് നിർത്തിവെച്ചിരിക്കുകയാണ്. എറണാകുളം, കോട്ടയം, കോഴിക്കോട്, കണ്ണൂർ, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലേക്കായി 200-ലധികം അന്തസ്സംസ്ഥാന ബസുകളാണ് ബെംഗളൂരുവിൽനിന്ന് സർവീസ് നടത്തുന്നത്.
