പ്രവേശന വിസ അഞ്ചു മിനുറ്റിൽ: കുവൈത്ത് മുന്നേറുന്നത് സമഗ്രവികസന ദിശയിലേക്ക്
കുവൈത്ത് സിറ്റി: പഴയ പ്രവർത്തന രീതികളിൽ നിന്ന് മാറി സമഗ്രവികസന ദിശയിലേക്കാണ് കുവൈത്ത് മുന്നേറുന്നതെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസുഫ് അൽ സബാഹ്. സേവന സുരക്ഷാ സംവിധാനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമായ രീതിയിൽ പുനർനിർമിക്കാൻ നിയമപരിഷ്കരണം വേഗത്തിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അഹ്മദി ഗവർണറും ഗ്രീൻ അർബൻ ഡെവലപ്മെന്റ് ഇനിഷ്യേറ്റീവ്സ് കമ്മിറ്റി ചെയർമാനുമായ ഷെയ്ഖ് ഹുമൂദ് ജാബർ അൽ അഹ്മദ് അൽ സബാഹിന്റെ ആഭിമുഖ്യത്തിൽ നടന്ന ഇനിഷ്യേറ്റീവ്സ് ഫോറത്തിൽ പങ്കെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഷെയ്ഖ് ഫഹദ് ഇക്കാര്യം വ്യക്തമാക്കിയത്. വിദേശികൾക്ക് പ്രവേശന വിസ അനുവദിക്കുന്ന സംവിധാനത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നു. ‘വിസിറ്റ് കുവൈത്ത്’ പ്ലാറ്റ്ഫോം വഴി അപേക്ഷിച്ചാൽ അഞ്ചു മിനിറ്റിനുള്ളിൽ വിസ ലഭ്യമാകുന്ന സംവിധാനമാണ് ഇപ്പോഴുള്ളത്. മികച്ച മാറ്റങ്ങൾ ഇപ്പോഴും മുന്നിലുണ്ട്. ആഭ്യന്തര മന്ത്രാലയം വിവിധ മേഖലകളിൽ നടപ്പാക്കുന്ന പുനരുജ്ജീവന നടപടികൾ പൗരന്മാർക്കും പ്രവാസികൾക്കും സന്ദർശകർക്കും നേരിട്ട് അനുഭവപ്പെടും. ഗൾഫ് മേഖലയുടെ സമഗ്ര സുരക്ഷയ്ക്ക് ജിസിസി അംഗരാജ്യങ്ങളിലെ ആഭ്യന്തര മന്ത്രാലയങ്ങൾ തമ്മിലുള്ള വിവരവിനിമയവും ഉയർന്ന തലത്തിലുള്ള ഏകോപന സംവിധാനവും നിർണായകമാണ്. ഇത് സംയോജിത സുരക്ഷാ അന്തരീക്ഷം ഉറപ്പിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നതായും മന്ത്രി പറഞ്ഞു. കരയും കടലും ഉൾപ്പെടുത്തുന്ന അതിർത്തികളിലായി സ്ഥാപിച്ചിരിക്കുന്ന പരിണതമായ റഡാർ നിരീക്ഷണ സിസ്റ്റം, കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താനുള്ള നിരവധി ശ്രമങ്ങൾ തടഞ്ഞുവയ്ക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. വികസനവും സുരക്ഷയും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുമ്പോഴാണ് രാജ്യത്തിന്റെ ഭാവി ശക്തമായി ഉറപ്പിക്കുന്നതെന്ന വിശ്വാസത്തോടെയാണ് കുവൈത്ത് പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
