പഴശ്ശി ഇറിഗേഷൻ ഭൂമി; കൈയേറ്റവും അനധികൃത കെട്ടിടനിർമാണവും വ്യാപകം
ഇരിട്ടി: പഴശ്ശി ഇറിഗേഷൻ അധീനതയിലുള്ള ജലസംഭരണിക്കായി ഏറ്റെടുത്ത സർക്കാർ പുറമ്പോക്ക് ഭൂമി കൈയേറി സ്വകാര്യ വ്യക്തികൾ അനധികൃത കെട്ടിടങ്ങൾ നിർമിക്കുന്നത് വ്യാപകമെന്ന് പരാതി. വെളിയമ്പ്ര പഴശ്ശി ഇറിഗേഷൻ ഡാം സൈറ്റ് മുതൽ ഇരിട്ടി നഗരസഭയിലെയും പായം, പടിയൂർ പഞ്ചായത്ത് പരിധിയിലുൾപ്പെടുന്ന പഴശ്ശി പുഴയുടെ ഇരുകരകളിലുമായി കുയിലുർ മുതൽ പടിയൂർ, പൂവം, പെരുവംമ്പറമ്പ്, നിടിയോടി, തന്തോട്, പെരുമ്പറമ്പ്, എടക്കാനം, വള്ളിയാട്, നേരമ്പോക്ക്, ഇരിട്ടി ടൗൺ ഉൾപ്പെടുന്ന പഴയപാലം മുതൽ ഇരിട്ടി പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലെ പുറമ്പോക്ക് ഭൂമിയിലാണ് കൈയേറ്റം നടക്കുന്നതെന്നും ഡാം റിസർവോയറിനായി ഏറ്റെടുത്ത 2400 ഹെക്ടർ ഭൂമിയിൽ 20 ശതമാനത്തോളം ഭൂമി കൈയേറിയെന്നുന്നാണ് പരാതിയുയർന്നിരിക്കുന്നത്.പായം പഞ്ചായത്തിന്റെ അധീനതയുള്ള ഇരിട്ടി പാലത്തിനു സമീപം പുഴ പുറമ്പോക്ക് ഭൂമി കൈയേറി അനധികൃതമായി സ്വകാര്യ വ്യക്തി പുതുതായി കെട്ടിട സമുച്ചയം നിർമാണം ആരംഭിച്ചിട്ടും നിരവധി പരാതികൾ നൽകിയിട്ടും പായംപഞ്ചായത്ത് അധികൃതരോ തടയാൻ ശ്രമിക്കാത്തത് ഏറെ ദുരുഹത ഉയർത്തുന്നുണ്ട്.
പായം പഞ്ചായത്തിലെ പെരുമ്പറമ്പ്, തന്തോട് മേഖലയിൽ സ്വന്തം ഭൂമിയിൽ വീടു നിർമാണത്തിനുള്ള പഞ്ചായത്ത് അധികൃതരുടെ അനുമതിക്കായി പഴശ്ശി ഇറിഗേഷൻ അധികൃതരുടെ നിരാക്ഷേപ പത്രം ആവശ്യമാണെന്ന ഉത്തരവിന്റെ മറവിൽ നിരാക്ഷേപ പത്രം നൽകാതെ ഇറിഗേഷൻ അധികൃതർ നിരവധി പേരെ വട്ടംകറക്കുമ്പോഴാണ് ഇതേ ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് -റവന്യൂ അധികൃതരുടെയും ഒത്താശയോടെ സ്വകാര്യ വ്യക്തികളുടെ നേതൃത്വത്തിൽ വ്യാപകമായി പഴശ്ശി ഇറിഗേഷൻ ഭൂമി കയേറി അനധികൃത കെട്ടിടം വ്യാപകമാവുന്നത്.ഇറിഗേഷൻഭൂമി കൈയേറ്റവും അനധികൃത കെട്ടിട നിർമാണവും വ്യാപകമായതിനെ തുടർന്ന് വർഷങ്ങൾക്ക് മുമ്പ് പെരുമ്പറമ്പ് മാവുള്ളക്കരി സ്വദേശിയും വിവരാവകാശ പ്രവർത്തകനുമായ കെ.എം. ജോർജ് ഉൾപ്പെടെയുള്ളവർ നൽകിയ പരാതിയെ തുടർന്ന് കൈയേറ്റ പ്രദേശത്തെ അനധികൃത നിർമാണം നിർത്താനും നിർമാണം പൂർത്തിയായ കെട്ടിടങ്ങൾ പൊളിച്ചുനീക്കാനും ഉത്തരവിട്ടിരുന്നു. എന്നാൽ തുടർനടപടികളില്ലാതെ ഈ ഉത്തരവുകൾ ഫയലിൽ ഉറങ്ങുകയാണ്. ഭൂമി മണ്ണിട്ട് നികത്തുന്നതുകാരണം കുടിവെള്ളത്തിനായി ഫുൾ റിസർവോയർ ലെവലിൽ ജലസംഭരണിയിൽ വെള്ളം തടഞ്ഞു നിർത്താൻ പറ്റാത്ത അവസ്ഥയാണ്.ജല സംഭരണിയായി ഉപയോഗിക്കേണ്ട താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ മണ്ണിട്ട് നികത്തിയതുമൂലം ശക്തമായ പേമാരിയിലും മറ്റും പുഴയിൽ ഉയർന്നു പൊങ്ങുന്ന മലവെള്ള പാച്ചിലിൽ ഇരിട്ടി ടൗൺ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലുമാണ്. കൈയേറ്റങ്ങൾഒഴിപ്പിച്ച് അനധികൃത കെട്ടിട നിർമാണങ്ങൾ ഉൾപ്പെടെ പൊളിച്ചുനീക്കണമെന്നാണ് ആവശ്യം.
