ഈ നടപ്പാതയിൽ ഇനി ഉല്ലാസമാകാം; ബ്യൂട്ടിഫുളായി എം.ജി റോഡ് നടപ്പാത
തലശ്ശേരി: നഗരത്തിന് പുതുമോടിയായി എം.ജി റോഡ്. യാത്രക്കിടയിൽ അൽപം വിശ്രമം വേണമെന്ന് തോന്നുമ്പോൾ വന്നോളൂ, ഇവിടെ നടപ്പാതയിലെ മരച്ചുവട്ടിലിരുന്ന് കാറ്റ് കൊള്ളാം, പരിചയക്കാരെ അടുത്ത് കാണുമ്പോൾ പഴയ ഓർമകൾ പങ്കിടാം, സൗഹൃദം പുതുക്കാം…. അങ്ങനെ കളർഫുൾ കാഴ്ചയായി മാറുകയാണ് ഇവിടം. എം.ജി റോഡ് നവീകരിച്ചതിന് പിന്നാലെ സൗന്ദര്യവത്കരിച്ച നടപ്പാതയും തിങ്കളാഴ്ച മുതൽ യാത്രക്കാർക്കായി പ്രവർത്തന സജ്ജമാവുകയാണ്.നഗരസഭ ഓഫിസ് മുതൽ പഴയ ബസ് സ്റ്റാൻഡ് ട്രാഫിക് കവലവരെ റോഡും നടപ്പാതയും നേരത്തെ നവീകരിച്ചു. 1.75 കോടി രൂപ ഉപയോഗിച്ച് നഗരസഭ ഓഫിസ് മുതൽ ജനറൽ ആശുപത്രി വരെ റോഡിന് ഇരുവശവും അഴുക്കുചാൽ ആഴം കൂട്ടി കോൺക്രീറ്റ് ചെയ്ത് സ്ലാബിട്ടു. രണ്ടാംഘട്ടത്തിൽ തുറമുഖ വകുപ്പിന്റെ 2.5 കോടി രൂപ ഉപയോഗിച്ച് റോഡ് കോൺക്രീറ്റ് ചെയ്തു. നഗരസഭ വാർഷിക പദ്ധതിയിൽ 90 ലക്ഷം രൂപക്ക് നടപ്പാത ഉൾപ്പെടെ സൗന്ദര്യവത്കരിച്ചു.
കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വഴിയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം നവീകരണ പ്രവൃത്തി തുടങ്ങി. എം.ജി റോഡിന്റെ വശങ്ങളിൽ ചെടിച്ചട്ടികളിൽ പൂച്ചെടികൾ പിടിപ്പിച്ചു. നടപ്പാതയിൽ ടൈൽ പാകി. ബി.ഇ.എം.പി സ്കൂളിന് മുന്നിൽ നടപ്പാതയിൽ കരിങ്കല്ല് കൊണ്ടുള്ള ഇരിപ്പിടം ഒരുക്കി. തണൽമരങ്ങൾക്ക് ചുറ്റും ഭിത്തികെട്ടി ഇരിപ്പിടമാക്കി. അലങ്കാരവിളക്കുകൾ സ്ഥാപിച്ചു. നടപ്പാതയിൽ നഗരസഭയും വ്യാപാരികളും ചേർന്ന് വേസ്റ്റ് ബിൻ സ്ഥാപിച്ചു.
ചുമതല വ്യാപാരികളെ ഏൽപിക്കും. ബി.ഇ.എം.പി സ്കൂൾ മതിലിൽ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ ചിത്രങ്ങൾ വരച്ചു മോടിയാക്കി. തലശ്ശേരിയുടെ സവിശേഷ പാരമ്പര്യങ്ങളായ സർക്കസ്, കേക്ക്, ക്രിക്കറ്റ് വിശേഷങ്ങളാണ് ചിത്രങ്ങളായി പകർത്തിയിട്ടുള്ളത്. സർക്കസ് കലയുടെ പിതാവ് കീലേരി കുഞ്ഞിക്കണ്ണൻ, ഇന്ദുലേഖ രചിച്ച ഒ. ചന്തുമേനോൻ, കേരളത്തിൽ ആദ്യമായി കേക്ക് നിർമിച്ച മമ്പള്ളി ബാപ്പു, എഡ്വേർഡ് ബ്രണ്ണൻ, ഡോ. ഹെർമൻ ഗുണ്ടർട്ട് തുടങ്ങിയ ചരിത്രകാരന്മാരുടെയും ചിത്രങ്ങളാണ് വരച്ചത്.
തിങ്കളാഴ്ച വൈകീട്ട് ഏഴിന് സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. എം.ജി റോഡിൽ കെ.എസ്.ഇ.ബി ഓഫിസ് പരിസരത്തെ ബാഒാബാബ് മരത്തെ പൈതൃക മരമായി പ്രഖ്യാപിക്കും . ഏഷ്യയിലെ തന്നെ അപൂർവ മരമാണിത്. ഉദ്ഘാടനശേഷം തെരുവിന്റെ വിവിധ ഭാഗങ്ങളിൽ ഗസൽ, മ്യൂസിക് ബാൻഡ്, വയലിൻ ഫ്യൂഷൻ തുടങ്ങിയ കലാപരിപാടികൾ അരങ്ങേറും.
തെരുവ് കച്ചവടക്കാരെ ഒഴിപ്പിച്ചു
നടപ്പാത സൗന്ദര്യവത് കരണത്തോടെ എം.ജി റോഡിലെ തെരുവോര കച്ചവടക്കാരെ ഒഴിപ്പിച്ചു. ബി.ഇ.എം.പി സ്കൂളിന് മുന്നിലും പഴയ പെട്രോൾ പമ്പിന് മുന്നിലെയും തെരുവോര കച്ചവടക്കാരെയാണ് നഗരസഭ ഒഴിപ്പിച്ചത്. കച്ചവടക്കാരെ ജൂബിലി ഷോപ്പിങ് കോംപ്ലക്സ് പരിസരത്തേക്ക് മാറ്റി. നടപ്പാതയിൽ പഴം, പച്ചക്കറി, കടല, ടാർപോളിൻ ഷീറ്റ്, പുസ്തകം, ലോട്ടറി എന്നിവ വിൽപന നടത്തിയവരെയാണ് ഒഴിപ്പിച്ചത്. നവീകരിച്ച നടപ്പാതയിൽ പാർക്കിങ് അനുവദിക്കില്ലെന്ന് നഗരസഭാധികൃതർ പറഞ്ഞു. ജൂബിലി ഷോപ്പിങ് കോംപ്ലക്സ് പരിസരത്ത് ക്രമീകരണമില്ലാതെ കച്ചവടക്കാരെ മാറ്റിയത് ഗതാഗതക്കുരുക്കിന് ഇടയാക്കുമെന്ന ആക്ഷേപമുണ്ട്.
