ലാഭം ചോർന്ന് അഴീക്കലിലെ മീൻവല നിർമാണ ശാല
അഴീക്കോട് : അഴീക്കൽ മീൻപിടിത്ത തുറമുഖത്ത് 14 വർഷം മുൻപാരംഭിച്ച മത്സ്യവല നിർമാണശാലയിൽ ഉത്‌പാദനമുന്നേറ്റത്തിനും വിറ്റുവരവിനും തളർച്ച. 2011-12 കാലത്ത് തുടങ്ങിയ ശാലയിൽ കഴിഞ്ഞ സാമ്പത്തിക വർഷമാണ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. 2023-24ൽ 307.082 ടൺ വല ഉത്‌പാദിപ്പിച്ച് 251 -74 ലക്ഷം ലാഭമുണ്ടാക്കി. അതിന് മുൻവർഷം 2022-23 ൽ 271.994 ടൺ വല ഉത്‌പാദിപ്പിച്ച് 153.06 ലക്ഷം ലാഭമേ കിട്ടിയുള്ളൂ. 2011-12 വർഷം 96. 175 ടൺ ഉത്പാദിപ്പിച്ച് 14.04 ലക്ഷം ലാഭത്തിൽനിന്നാണ് തുടക്കം. അത് പടിപടിയായി ഉയർന്ന് 2023-24 വർഷമാണ് ഉത്പാദനമികവിലും ഉയർന്ന ലാഭത്തിലുമെത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷം പിറകോട്ട് പോയി. 2024-25 ൽ ഉത്പാദനം കുറഞ്ഞു. ലാഭം ചോർന്നു. 232. 54 ടൺ വല ഉത്‌പാദിപ്പിച്ചപ്പോൾ 182.67 കോടി രൂപയാണ് ലാഭം കിട്ടിയത്
ഫാക്ടറിയുടെതുടക്കം
18.50 കോടി രൂപ ചെലവിൽ മലബാർ മേഖലയിലെ മത്സ്യത്തൊഴിലാളികൾക്ക് ഗുണമേന്മയുള്ള വലകൾ മിതമായ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ യാണ് മത്സ്യഫെഡിന്റെ കീഴിൽ നെറ്റ് ഫാക്ടറി തുടങ്ങിയത്. അഴീക്കലിലെ ഉപയോഗശൂന്യമായി പ്രവർത്തനം നിലച്ച സർക്കാർ വക ഐസ് പ്ലാന്റ് പൊളിച്ചുമാറ്റിയാണ് ഇത് തുടങ്ങിയത്. 2008 ഡിസംബർ 23-ന് ഫാക്ടറി ഉദ്ഘാടനം ചെയ്തു. പിന്നീട് ഉത്പാദനമാരംഭിക്കാൻ മൂന്നുവർഷം കാത്തിരിക്കേണ്ടി വന്നു. മെഷീൻ വരവ്, നൈലോൺ നൂലിന്റെ ക്ഷാമം എന്നിവ വിനയായി. തമിഴ്നാട്ടിൽനിന്ന് നൂൽ എത്തിച്ചു 2011-12 കാലത്താണ് ഉത്‌പാദനം തുടങ്ങിയത്. എൻഎഫ്ഡിബി (ദേശീയ മത്സ്യ വികസന ബോർഡ്) അഞ്ചു ശതമാനം പലിശയിൽ 10 കോടി വായ്പ ഇതിനായി ഉപയോഗിച്ചു. ശേഷിക്കുന്ന 8.5 കോടി 2009-10, 2010-11 സാമ്പത്തിക വർഷങ്ങളിലെ ബജറ്റിൽപ്പെടുത്തി തുക അനുവദിച്ചു. ഫാക്ടറിയിൽ ജപ്പാനിൽനിന്നുള്ള 22 യന്ത്രങ്ങളും മറ്റ് മൂന്ന് വേറെ യന്ത്രങ്ങളും അടക്കം 25 മെഷീനുകൾ പുതുതായി സ്ഥാപിച്ചു. ഇതിലൂടെ പ്രതിവർഷം 400 ടൺ നെറ്റ് നിർമാണ ശേഷി ഉറപ്പാക്കി.
തുടക്കത്തിൽ നിർമിച്ച വലകളുടെ വിപണനം എറണാകുളം ഫാക്ടറി വഴിയാണ് നടത്തിയത്. എന്നാൽ, 2015-ൽ അഴീക്കൽ ഫാക്ടറിയിൽത്തന്നെ പ്രോസസിങ് ആൻഡ് സ്ട്രെച്ചിങ് യൂണിറ്റ് ആരംഭിച്ചു. ഇവിടെനിന്ന് പിന്നീട് വിപണനം നടത്തി വന്നു. മൂന്ന് ഷിഫ്റ്റിലായി 100 ജീവനക്കാരുണ്ട്. ഇവരിൽ എട്ടുപേർ സ്ഥിരവും 30 പേർ കരാർ അടിസ്ഥാനത്തിലുമാണ് ജോലിചെയ്യുന്നത്. ദിവസവേതനക്കാർ 35, പീസ് റേറ്റ് തൊഴിലാളികൾ 27 വേറെയുമുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡ്, തീരദേശ നിയന്ത്രണ അതോറിറ്റി അനുമതി എന്നിവ വർഷാവർഷം പുതുക്കി വരുന്നു. കണ്ണൂർ ആയിക്കരയിലെ മത്സ്യഫെഡ് വിൽപ്പന ശാലവഴി സബ്സിഡി അടിസ്ഥാനത്തിൽ വല നൽകിവരുന്നുണ്ട്. ലക്ഷങ്ങൾ വിലവരുന്ന വലയ്ക്ക് സബ്സിഡി ഉണ്ടെങ്കിലും കടൽമാക്രികൾ വല കീറുന്നതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. വലിയ നഷ്ടം ഇതുകാരണം സംഭവിക്കുന്നു. പിന്നീട് മാസങ്ങളോളം പണിപ്പെട്ടാണ് തുന്നിയെടുക്കുന്നത്. അഴീക്കലിന് പുറമേ എറണാകുളം ജില്ലയിലും തിരുവനന്തപുരം മുട്ടത്തറയിലും സംസ്ഥാനത്ത് മൂന്ന് ജില്ലകളിലായി മത്സ്യഫെഡ് നെറ്റ് ഫാക്ടറി പ്രവർത്തിക്കുന്നുണ്ട്. മത്സ്യഫെഡിന്റെ കാസർകോട് ജില്ലാ മാനേജർ കെ.എച്ച്. ഷെരീഫിനാണ് അഴീക്കലിലെ വല നിർമാണശാലയുടെ ചുമതല.
