ആർ.ടി.ഒ ഓഫിസുകൾ ഉച്ചക്കുശേഷം അടച്ചിടരുതെന്ന് ട്രാൻസ്പോർട്ട് കമീഷണറുടെ ഉത്തരവ്

പൊന്നാനി: രാവിലെ മുതൽ വൈകുന്നേരം വരെ പ്രവർത്തിക്കേണ്ട മോട്ടോർ വാഹന വകുപ്പ് ഓഫിസുകൾ ഉച്ചക്കുശേഷം അടച്ചിടുന്ന പ്രവണതക്കെതിരെ ട്രാൻസ്പോർട്ട് കമീഷണറുടെ ഉത്തരവ്. ഫോൺ മുഖേനയുള്ള അന്വേഷണങ്ങളും പരാതികളും സ്വീകരിക്കപ്പെടുന്ന സമയം രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നു വരെയായി പരിമിതപ്പെടുത്തണമെന്ന ജനുവരിയിലെ ഉത്തരവുപ്രകാരം ഉച്ചക്കുശേഷം സംസ്ഥാനത്തെ മിക്ക ആർ.ടി.ഒ ഓഫിസുകളും അകത്തുനിന്ന് അടച്ചിട്ടിരുന്നു. ഇത് പൊതുജനങ്ങൾക്ക് പ്രയാസമാണെന്ന പരാതി വ്യാപകമായതിനെത്തുടർന്നാണ് ഓഫിസുകൾ വൈകുന്നേരം അഞ്ചു വരെ അടച്ചിടരുതെന്ന പുതിയ ഉത്തരവ് ഇറങ്ങിയത്. സംസ്ഥാനത്ത് മറ്റു സർക്കാർ കാര്യാലയങ്ങളെല്ലാം വൈകുന്നേരം അഞ്ചു വരെ പ്രവർത്തിക്കുന്നതിനിടെയാണ് ആർ.ടി.ഒ ഓഫിസുകൾ ഉച്ചക്കുശേഷം അടച്ചിടുന്ന പ്രവണതയുള്ളത്. മോട്ടോർ വാഹന വകുപ്പ് ഓഫിസുകളിൽ വിവിധ സേവനങ്ങൾക്കായി ലഭിക്കുന്ന അപേക്ഷകൾ, പൊതുജനങ്ങളുടെ നിവേദനങ്ങൾ, പരാതികൾ എന്നിവ സേവനാവകാശ നിയമത്തിൽ നിഷ്കർഷിക്കുന്ന സമയപരിധിക്കുള്ളിൽ തീർപ്പാക്കണമെന്നും ഉത്തരവിലുണ്ട്. അക്ഷയകേന്ദ്രങ്ങൾ, ഇ-സേവാകേന്ദ്രങ്ങൾ പ്രയോജനപ്പെടുത്തി ഓഫിസുകളിൽ നൽകേണ്ട അപേക്ഷകളും നിവേദനങ്ങളും ഇ-മെയിലായി അയക്കുന്നതിന് പൊതുജനങ്ങൾക്ക് നിർദേശം നൽകുകയും അപ്രകാരം മറുപടി ഇ-മെയിൽ മുഖേന നൽകുമെന്ന് അറിയിക്കേണ്ടതാണെന്നും പുതിയ ഉത്തരവിൽ പറയുന്നു.