ബട്ടൺ ക്യാമറ, ബ്ലൂടൂത്ത് ഹെഡ്സെറ്റ്, മൊബൈൽ ഫോൺ; പിഎസ്‌സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി, ഉദ്യോഗാർത്ഥി പിടിയിൽ

Share our post

കണ്ണൂർ: പിഎസ്‌സി പരീക്ഷയിൽ ഹൈടെകായി കോപ്പിയടിക്കാൻ ശ്രമിച്ച ഉദ്യോഗാർത്ഥി പിടിയിൽ. പെരളശ്ശേരി സ്വദേശിയായ എൻ.പി. മുഹമ്മദ് സഹദാണ് പിഎസ്‌സിയുടെ വിജിലൻസ് വിഭാഗത്തിന്റെ പിടിയിലായത്. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്കിടെ ഷർട്ടിലെ ബട്ടണിൽ ഒളിപ്പിച്ച ക്യാമറ, ബ്ലൂടൂത്ത് ഹെഡ്സെറ്റ്, മൊബൈൽ ഫോൺ എന്നിവ ഉപയോഗിച്ച് കോപ്പിയടിക്കുകയായിരുന്നു. ഒറ്റനോട്ടത്തിൽ ഷർട്ടിലെ സാധാരണ ബട്ടൺ എന്ന് തോന്നുന്ന തരത്തിലുള്ള ഒരു ക്യാമറ ഇയാൾ പോക്കറ്റിൽ സ്ഥാപിച്ചിരുന്നു. ഈ ക്യാമറ ഉപയോഗിച്ച് ചോദ്യപേപ്പറിന്റെ ദൃശ്യങ്ങൾ പകർത്തി പുറത്തുള്ള സഹായിക്ക് തത്സമയം അയച്ചുകൊടുത്തു. പുറത്തുണ്ടായിരുന്നയാൾ ഈ ദൃശ്യങ്ങൾ പരിശോധിച്ച് ഓരോ ചോദ്യത്തിന്റെയും ഉത്തരങ്ങൾ സഹദിന് പറഞ്ഞുകൊടുത്തു. ചെവിയിൽ ഒളിപ്പിച്ചുവെച്ച ബ്ലൂടൂത്ത് ഹെഡ്സെറ്റിലൂടെയാണ് സഹദ് ഉത്തരങ്ങൾ കേട്ടത്.

ഇതുകൂടാതെ, പാന്റിന്റെ അടിയിലായി ഒരു പ്രത്യേക പോക്കറ്റിൽ ഒരു മൊബൈൽ ഫോണും ഇയാൾ സൂക്ഷിച്ചിരുന്നു. പുറത്തുനിന്നുള്ള സഹായത്തോടെ ഹെഡ്സെറ്റിലൂടെ ഉത്തരങ്ങൾ കേട്ട് മനസ്സിലാക്കിയാണ് ഇയാൾ പരീക്ഷ എഴുതിയത്. ഉദ്യോഗാർത്ഥിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പിഎസ്‌സി വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഹൈടെക് കോപ്പിയടി പുറത്തുവന്നത്. ഇതൊരു വലിയ തട്ടിപ്പാണെന്നും, മുൻപ് നടന്ന പരീക്ഷകളിലും ഇയാൾ ഇതേ രീതി ഉപയോഗിച്ചിട്ടുണ്ടോ എന്നും സംശയമുയർന്നിട്ടുണ്ട്. പിടിയിലായതോടെ സഹദിന് ഇനി പിഎസ്‌സി പരീക്ഷകൾ എഴുതാൻ കഴിയില്ല. ഇയാൾക്കെതിരെ കർശനമായ നിയമനടപടികളുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!