തളിപ്പറമ്പ് താലൂക്ക് ആസ്‌പത്രിയിൽ അത്യാധുനിക ഓപ്പറേഷൻ തിയറ്റർ കോപ്ലംക്‌സ് ഒരുങ്ങുന്നു

Share our post

തളിപ്പറമ്പ് താലൂക്ക്‌ ആശുപത്രിയിൽ അത്യാധുനിക സ‍ൗകര്യങ്ങളോടെയുള്ള ഓപ്പറേഷൻ തിയറ്റർ കോപ്ലക്സ് നിർമിക്കാൻ ടെണ്ടർ നടപടികൾ പൂർത്തിയായി. കിഫ്‌ബി സഹായത്തോടെ 19 കോടി രൂപ ചെലവിട്ട് നിർമിക്കുന്ന ഓപ്പറേഷൻ തിയറ്റർ കോപ്ലംക്‌സിൽ ‌അസ്ഥിരോഗ വിഭാഗം, ഇഎൻടി വിഭാഗം, ജനറൽ സർജറി എന്നിവയ്‌ക്കുള്ള രണ്ട്‌ ഓപ്പറേഷൻ തിയറ്ററും 50 കിടക്കകളുള്ള കിടത്തി ചികിത്സാ വിഭാഗവും നഴ്‌സിങ്‌ സ്‌റ്റേഷനും കൗൺസലിങ്‌ മുറിയും സജ്ജീകരിക്കും. അതോടൊപ്പം എക്‌സ്‌റേ, സിടി, യുഎസ്‌ജി സ‍ൗകര്യങ്ങളും ലഭ്യമാക്കും. ഒരു വർഷത്തിനുള്ളിൽ കെട്ടിട നിർമാണം പൂർത്തിയാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. നിലവിൽ 4.5 കോടി രൂപ ചെലവിട്ട്‌ നിർമിക്കുന്ന പുതിയ അത്യാഹിത വിഭാഗത്തിന്റെ പ്രവൃത്തി ടെണ്ടർ ചെയ്തു കഴിഞ്ഞു. 12 കിടക്കകളും ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും മുറി, മെഡിക്കൽ ഗ്യാസ്‌ പൈപ്പ്‌ ലൈൻ, സഹായകകേന്ദ്രം, കാത്തിരിപ്പ്‌ മുറി എന്നിവയും ഉണ്ടാകും. ദേശീയ ആരോഗ്യദ‍ൗത്യത്തിന്‌ കീഴിൽ പണിയുന്ന പുതിയ അത്യാഹിത വിഭാഗത്തിനും ടെണ്ടറായി.

എൻഎച്ച്‌എം വഴി 2.68 കോടി രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോടെയുള്ള പ്രസവമുറി, സെപ്‌റ്റിക്‌ ലേബർറൂം, എമർജൻസി തിയേറ്റർ, ന്യൂബോൺ സ്റ്റെബിലൈസേഷൻ യൂണിറ്റ്‌, ഓപ്പറേഷൻ തിയറ്റർ, കുട്ടികളുടെ ഐസിയു, കുട്ടികളുടെ വാർഡ്‌ തുടങ്ങിയ സൗകര്യങ്ങളുള്ള ലക്ഷ്യ ബ്ലോക്ക് ആശുപത്രിയിൽ നിലവിൽ നിർമാണം പൂർത്തിയായിട്ടുണ്ട്. നേത്ര ബ്ലോക്ക്‌ ഉൾപ്പെടെ പഴയകെട്ടിത്തിൽ പ്രവർത്തിച്ചിരുന്ന വിഭാഗങ്ങളും ഇവിടേക്ക്‌ മാറ്റിയിട്ടുണ്ട്‌. ആശുപത്രിയിലെ ഡ്രെയിനേജ്‌ പ്രവൃത്തികളും അവസാന ഘട്ടത്തിലാണ്‌. മൂന്നര കോടി രൂപയുടെ പേവാർഡിന്റെ പ്രവൃത്തിയും ആരംഭിച്ചിട്ടുണ്ട്‌. കാലങ്ങളോളമായി ഇ‍ൗ ആശുപത്രിയെ ആശ്രയിക്കുന്ന സാധാരണക്കാർക്ക്‌ ഏറ്റവും മികച്ച ചികിത്സാ സ‍ൗകര്യങ്ങളും സേവനങ്ങളും ഒരുക്കുന്നതിനാണ്‌ ആധുനിക സ‍ൗകര്യങ്ങളോടെയുള്ള അത്യാഹിത വിഭാഗവും പേവാർഡും തീയേറ്റർ കോംപ്ലക്‌സും നിർമിക്കുന്നതെന്ന് എം.വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!