തദ്ദേശ തിരഞ്ഞെടുപ്പ്: സംവരണവാർഡുകളുടെ നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 21 വരെ

Share our post

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണവാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 21 വരെ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. ത്രിതലപഞ്ചായത്തുകളുടെ വാർഡ് സംവരണം നറുക്കെടുപ്പിലൂടെ നിശ്ചയിക്കാൻ അധികാരപ്പെടുത്തിയിട്ടുള്ളത് ജില്ലാ കളക്ടർമാരെയാണ്. ഗ്രാമപഞ്ചായത്തുകളിലെ വാർഡ് സംരണത്തിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 16 വരെയും, ബ്ലോക്ക് പഞ്ചായത്തുകളുടേത്  ഒക്ടോബർ 18നും ജില്ലാപഞ്ചായത്തിലേത് 21നും നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. ഒക്‌ടോബർ 21ന് കോഴിക്കോട് വെച്ച് കണ്ണൂർ, കോഴിക്കോട് കോർപ്പറേഷനുകളിലെ നറുക്കെടുപ്പ് അർബൻ ഡയറക്ടർ നടത്തും. നറുക്കെടുപ്പ് തീയ്യതിയും സ്ഥലവും നിശ്ചിയിച്ച് കൊണ്ടുള്ള വിജ്ഞാപനം കമ്മീഷൻ ഉടൻ പ്രസിദ്ധീകരിക്കും. പോളിങ് സ്റ്റേഷനുകളുടെ പുന:ക്രമീകരണം, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം, വാർഡ് സംവരണം, വോട്ടർപട്ടിക പുതുക്കൽ തുടങ്ങിയ എല്ലാ നടപടികളും സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. പൊതുതിരഞ്ഞെടുപ്പിന് മുൻപ് വോട്ടർപട്ടിക വീണ്ടും പുതുക്കുമെന്ന് കമ്മീഷണർ പറഞ്ഞു. വോട്ടർപട്ടിക പുതുക്കലിന്റെ സമയക്രമം പിന്നീട് അറിയിക്കും. വരണാധികാരികളെയും ഉപ വരണാധികാരികളെയും നിയമിച്ചുകൊണ്ട് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. വിജ്ഞാപനം കമ്മീഷന്റെ www.sec.kerala.gov.in വെബ് സൈറ്റിൽ ലഭ്യമാണ്. ഇവർക്കുള്ള പരിശീലനം ഒക്ടോബർ ഏഴ് മുതൽ 10 വരെ ജില്ലാതലത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. സംവരണ നടപടിക്രമങ്ങളെക്കുറിച്ച് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് സെപ്റ്റംബർ 26ന് ഓൺലൈനായി പരിശീലനം നൽകും. ജില്ലാതല ഉദ്യോഗസ്ഥർക്ക് സെപ്റ്റംബർ 25നും ജില്ലാതല മാസ്റ്റർ ട്രെയിനർമാർക്ക് സെപ്റ്റംബർ 29, 30 തീയതികളിലും കമ്മീഷൻ തിരുവനന്തപുരത്ത് പരിശീലനം നൽകും. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കാനുള്ള ഉദ്യോഗസ്ഥരുടെ വിവരശേഖരണം നടത്തുന്നതിന് വേണ്ടി ഒക്ടോബർ മൂന്ന് മുതൽ സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം നിരോധിച്ചു കൊണ്ട് ഉത്തരവിറക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ചീഫ് സെക്രട്ടറിയോട് നിർദേശിച്ചിട്ടുണ്ടെന്ന് കമ്മീഷണർ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!