ഒരേ സ്ഥലത്ത് നിരക്ക് രണ്ട് തരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പാർക്കിംഗ് ഫീസ് കൊള്ള

കണ്ണൂർ: റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിൽ ഒരേ സ്ഥലത്ത് വാഹനം പാർക്ക് ചെയ്യാൻ ഈടാക്കുന്നത് വ്യത്യസ്ത നിരക്ക്. ഇതോടെ സ്ഥിരം യാത്രക്കാരിൽ നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്. കിഴക്കേ കവാടത്തിന് സമീപം ഇടതുവശത്തും വലതുവശത്തും പാർക്കിംഗ് സൗകര്യമുണ്ട്. ഇവിടെ ഇടതുവശത്തുള്ള പാർക്കിംഗ് സ്ഥലത്ത് വാഹനം പാർക്ക് ചെയ്യുന്നതിനാണ് അഞ്ചുരൂപ അധികം ഈടാക്കുന്നത്. സാധാരണ ഒരു ഇരുചക്ര വാഹനം പാർക്ക് ചെയ്യാൻ 24 മണിക്കൂറിന് 25 രൂപയും കാറുകൾ പാർക്ക് ചെയ്യാൻ 95 രൂപയുമാണ് ഈടാക്കുന്നത്. എന്നാൽ ഇടതുവശത്തുള്ള പാർക്കിഗിംന് ഇരുചക്ര വാഹനം 24 മണിക്കൂർ പാർക്ക് ചെയ്യാൻ 30 രൂപയും കാർ പാർക്ക് ചെയ്യാൻ 100 രൂപയുമാണ് ഈടാക്കുന്നത്.നിരക്കുമായി ബന്ധപ്പെട്ട ഈ രണ്ടു ബോർഡുകളും അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. 2023 ജനുവരി ആറുമുതൽ രൻജന എൻർപ്രൈസസ് എന്ന സ്ഥാപനമാണ് റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിൽ പാർക്കിംഗ് ടെൻഡർ എടുത്തിരിക്കുന്നത്. അടുത്തവർഷം ജനുവരി വരെയാണ് ഇവരുടെ കാലാവധി. ഇപ്പോൾ ഫീസ് വർദ്ധിപ്പിച്ചിരിക്കുന്നത് പുതുതായി ടെൻഡർ എടുത്തിരിക്കുന്ന മധുര കേന്ദ്രമായ സിമിലേയ് എന്റർപ്രൈസസ് എന്ന സ്ഥാപനമാണ്. കഴിഞ്ഞ ജൂലായ് ഒന്നുമുതലാണ് ഇവരുടെ കരാർ തുടങ്ങിത്. ഈ വർഷം ഡിസംബർ 31 വരെ അഞ്ചുമാസമാണ് കാലാവധി.ജോലിക്കായി കാസർകോട് , കോഴിക്കോട് ഭാഗത്ത് പോകുന്നവർ വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്താണ് പോകുന്നത്. അവർക്ക് എല്ലാ ദിവസവും അഞ്ചു രൂപ അധികം നൽകേണ്ടിവരുന്നുണ്ട്.
ട്രെയിൻ യാത്രക്കാരെ കബളിപ്പിക്കുന്നു
സ്ഥിരം യാത്രക്കാർക്ക് മാത്രമാണ് പാർക്കിംഗ് നിരക്കിലെ വ്യത്യാസം മനസിലാക്കാൻ സാധിക്കൂ. അല്ലാതെ പാർക്ക് ചെയ്യുന്നവർ സ്വഭാവികമായും നടത്തിപ്പുകാർ പറയുന്ന പാർക്കിംഗ് ഫീസ് നൽകി പോകുന്ന അവസ്ഥയാണ്. യാത്രക്കാർ ഇത് ചോദ്യം ചെയ്തപ്പോൾ പുതിയ കമ്പനി ആയതിനാലാണ് കൂടുതൽ ഫീസ് വാങ്ങുന്നതെന്നാണ് പഴയ ടെൻഡർ കമ്പനി ജീവനക്കാർ പറയുന്നത്. അതേസമയം അടുത്ത മാസം മുതൽ വലതുവശത്തെ പാർക്കിംഗ് നിരക്ക് കൂട്ടാനും സാദ്ധ്യതയുള്ളതായി പറയുന്നു.