കോളയാട് പഞ്ചായത്ത് ഉദ്യോഗസ്ഥരെ കോൺഗ്രസ് ഉപരോധിച്ചു

കോളയാട് : വോട്ടർപട്ടികയിലെ ക്രമക്കേട് പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കോളയാട് പഞ്ചായത്ത് ഉദ്യോഗസ്ഥരെ ഉപരോധിച്ചു. യുഡി എഫ് അനുകൂല വോട്ടുകൾ കൂട്ടത്തോടെ ഒഴിവാക്കിയ നിലയിലാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതെന്നും പുതുതായി ചേർക്കാൻ അപേക്ഷ നൽകി ഹിയറിങ്ങിൽ പങ്കെടുത്ത് ആവശ്യമായ രേഖകൾ നൽകിയവരെപ്പോലും ഒഴിവാക്കിയുമാണ് പട്ടിക പ്രസിദ്ധീകരിച്ചതെന്നും കോൺഗ്രസ് ആരോപിച്ചു. വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കാനായി ആക്ഷേപം കൈപ്പറ്റി ഹിയറിങ്ങിന് ഹാജരായി മുഴുവൻ രേഖകളും നൽകിയ നിരവധി വോട്ടർമാരെയും അന്തിമ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അപ്പീൽ നൽകാനായി റിപ്പോർട്ട് നൽകാൻ പോലും തയ്യാറാവാത്ത അസി.സെക്രട്ടറിയെയും ക്ലർക്കിനെയും സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും കലക്ടർക്കും പരാതി നൽകുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. തിങ്കളാഴ്ചയോടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന സെക്രട്ടറിയുടെ ഉറപ്പിൻമേൽ ഉപരോധം അവസാനിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് സാജൻ ചെറിയാൻ , കെ.വി.ജോസഫ് , രാമചന്ദ്രൻ , ബെന്നി ജേക്കബ് , ജോളി ഫിലിപ്പ് , പി.പവിത്രൻ , വിനോദ്കുമാർ ,ജോൺസൺ കോറോത്ത് , പി.മോഹനൻ എന്നിവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.