മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ പ്രസിഡന്റുമായ പി.പി.തങ്കച്ചൻ അന്തരിച്ചു

Share our post

കൊച്ചി: കോൺ‌ഗ്രസിന്റെ മുതിർന്ന നേതാവും കെപിസിസി മുൻ പ്രസിഡന്റുമായ പി.പി.തങ്കച്ചൻ (86) അന്തരിച്ചു. വൈകിട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെ തുടർന്ന് ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2004 മുതൽ 2018 വരെ യുഡിഎഫ് കൺവീനറും 1982 മുതൽ 2001 വരെ പെരുമ്പാവൂർ എംഎൽഎയുമായിരുന്നു. മാർക്കറ്റ്‌ഫെഡ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. അങ്കമാലിയിൽ നിന്നു അഭിഭാഷകനായെത്തി പെരുമ്പാവൂരിലെ സാംസ്കാരിക നേത‍ൃത്വത്തിലെത്തിയ ചരിത്രമാണ് പി.പി തങ്കച്ചന്റേത്. അങ്കമാലി നായത്തോടു പൈനാടത്ത് പരേതനായ ഫാ പൗലോസിന്റെ മകനായി 1939 ജൂലൈ 29–ന് ജനിച്ചു. നിയമബിരുദവും പൊതുഭരണത്തിൽ ഡിപ്ലോമയും നേടി അങ്കമാലിയിൽ അഡ്വ ഇട്ടി കുര്യന്റെ ജൂനിയറായി അഭിഭാഷകരംഗത്ത് പ്രവേശിച്ചു. നഗരസഭാ തിരഞ്ഞെടുപ്പിൽ ആശ്രമം സ്കൂളിനു സമീപത്തെ വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദ്ദേഹം പൊതുപ്രവർത്തനത്തിലെത്തുന്നത്.1968 മുതൽ 1980 വരെ പെരുമ്പാവൂർ നഗരസഭാ ചെയർമാനായിരുന്നു. 68–ൽ സ്ഥാനമേൽക്കു‌‌മ്പോൾ ഇന്ത്യയിലെ അന്നത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയർമാനായിരുന്നു അദ്ദേഹം. കോൺഗ്രസിന്റെ മണ്ഡലം വൈസ്പ്രസിഡന്റ് പദത്തിൽ തുടങ്ങി അദ്ദേഹം ബ്ലോക്ക് പ്രസി‍ഡന്റ്ും എറണാകുളം ഡിസിസി പ്രസിഡന്റും പിന്നീട് 2004 ഏതാനും മാസം കെപിസിസി പ്രസിഡന്റുമായി പ്രവർത്തിച്ചു.

1991-ൽ നിയമസഭാസ്പീക്കറായി. കേരള നിയമസഭയിലെ ഏറ്റവും പ്രഗത്ഭരായ സ്പീക്കർമാരിൽ ഒരാളായ പി പി തങ്കച്ചൻ പ്രതിപക്ഷത്തിന്റെ പോലും പ്രശംസ പിടിച്ചു പറ്റിയിരുന്നു.എംഎൽഎമാർക്ക് ഒരു പഴ്‌സനൽ അസിസ്‌റ്റന്റിന്റെ സഹായം തേടാനുള്ള അനുമതി നൽകിയതു തങ്കച്ചൻ സ്‌പീക്കറായ കാലത്താണ്. പിന്നാക്കക്ഷേമം, പരിസ്‌ഥിതി, സഭയുടെ മേശപ്പുറത്തു വയ്‌ക്കുന്ന കടലാസുകളുടെ ഉറപ്പു പാലിക്കുന്ന പരിശോധന എന്നിവയ്‌ക്കു വേണ്ടിയുള്ള സബ്‌ജക്‌ട് കമ്മിറ്റികൾക്കു രൂപം നൽകിയതും ഇക്കാലയളവിലാണ്. 1992–ൽ കേരളത്തിൽ നിന്ന് ആദ്യമായി സഭാസ്പീക്കർമാരുടെ സ്റ്റാഡിങ് കമ്മറ്റിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു. 1995-ൽ എ കെ ആന്റണി മന്ത്രിസഭയിൽ മന്ത്രിയായി.കൃഷിമന്ത്രിയായിരിക്കെ തങ്കച്ചനാണ്കൃഷിക്കു സൗജന്യ വൈദ്യുതി നൽകാനുള്ള സുപ്രധാന തീരുമാനം എടുത്തത് . യുഡിഎഫ് മുന്നണിയിലെ കക്ഷികളെ ഏകോപിച്ച് കൊണ്ടു പോകുന്നതിലും കോൺഗ്രസ് വിഭാഗിയതയുടെ നാളുകളിലും രാഷ്ട്രീയത്തിനപ്പുറം സൗഹൃദം കാത്തുസൂക്ഷിക്കുന്ന തങ്കച്ചന്റെ ശൈലി സമന്വയിത്തിന്റെ വഴികൾ തുറന്നു കൊടുത്തു.എക്കാലവും കെ. കരുണാകരന്റെ ഉറ്റ അനുയായി ആയിരുന്നു തങ്കച്ചൻ. പക്ഷേ കരുണാകരൻ പാർട്ടിവിട്ട ഘട്ടത്തിൽ കോൺഗ്രസിനൊപ്പം തന്നെ നിന്നു. എന്നാൽ ഇരുവരുടെയും വ്യക്‌തിപരമായ അടുപ്പത്തിൽ അതു വിള്ളൽ വീഴ്‌ത്തിയതുമില്ല. ഗ്രൂപ്പിന്റെ മുൻനിരക്കാരനായി നിൽക്കുമ്പോഴും മിതവാദം കാത്തുസൂക്ഷിക്കുന്ന തങ്കച്ചൻ കോൺഗ്രസിലെ എ-ഐ വിഭാഗങ്ങൾക്കു വിശ്വാസമുള്ള മധ്യസ്‌ഥനുമാണ്. പാത്രിയാർക്കിസ് ബാവയിൽ നിന്ന് യാക്കോബായ സഭയുടെ കമാൻഡർ പദവിയും ലഭിച്ചിട്ടുണ്ട്. ടി വി തങ്കമ്മയാണ് പത്നി. മൂന്നു മക്കൾ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!