അക്ഷയ സെന്ററുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ അവകാശമില്ലെന്ന് ഹൈക്കോടതി

അവശ്യ സേവനങ്ങള്‍ക്കായി അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുന്നവരില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ ഉടമകള്‍ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി. കേരളത്തിലെ ഡിജിറ്റല്‍ സേവന ശൃംഖലയായ അക്ഷയ കേന്ദ്രങ്ങള്‍ ലാഭമുണ്ടാക്കുന്ന ബിസിനസ് സ്ഥാപനങ്ങളല്ലെന്നും, പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കാനുള്ള കേന്ദ്രങ്ങളാണെന്നും ജസ്റ്റിസ് എന്‍ നഗരേഷ് ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്ത ഹര്‍ജി തള്ളി
അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങള്‍ക്ക് ഏകീകൃത നിരക്ക് ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് ഓള് കേരള അക്ഷയ എന്റര്‍പ്രണേഴ്സ് കോണ്‍ഫെഡറേഷന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ഓഗസ്റ്റ് ആറിനാണ് സര്‍ക്കാര്‍ ഈ തീരുമാനം പ്രഖ്യാപിച്ചത്. സേവനങ്ങളുടെ വ്യാപ്തി, വിഭവങ്ങളുടെ ഉപയോഗം, പ്രവര്‍ത്തനച്ചെലവ് എന്നിവ പരിഗണിക്കാതെയാണ് ഈ ഉത്തരവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതിയുടെ ഈ വിധി സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. അക്ഷയ കേന്ദ്രങ്ങള്‍ വഴിയുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അമിത നിരക്ക് ഈടാക്കുന്നത് തടയാന്‍ ഇത് സഹായിക്കും.