റൂറൽ ടൂറിസത്തിന് പ്രചാരമേറുന്നു; ഏഷ്യയിലെ എട്ട് പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടംനേടി മൂന്നാർ

Share our post

ഏഷ്യയിലെ മികച്ച ഗ്രാമീണ ലക്ഷ്യസ്ഥാനങ്ങളുടെ പട്ടിക പുറത്തുവിട്ട് ഡിജിറ്റൽ ട്രാവൽ പ്ലാറ്റ്‌ഫോമായ അ​ഗോഡ. കേരളത്തിന്റെ സ്വന്തം മൂന്നാർ ആദ്യ എട്ടിൽ ഇടം നേടിയെന്നതാണ് പ്രത്യേകത. 2025 ഫെബ്രുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ 50,000-ത്തിൽ താഴെ ജനസംഖ്യയുള്ള എട്ട് ഏഷ്യൻ ഡെസ്റ്റിനേഷനുകളിൽ താമസ സൗകര്യങ്ങൾക്കായി ആളുകൾ തിരഞ്ഞ കണക്കുകളാണ് റിപ്പോർട്ട് വിശകലനം ചെയ്തിരിക്കുന്നത്. ന​ഗരങ്ങളിൽ നിന്ന് വ്യത്യസ്തമായി ഹിൽ സ്റ്റേഷനുകളാണ് സഞ്ചാരികൾ തേടുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കേരളത്തിലെ പശ്ചിമഘട്ട മലനിരകളുടെ ഉന്നതിയിൽ സ്ഥിതി ചെയ്യുന്ന മനോഹ​രമായ ഹിൽ സ്റ്റേഷനാണ് മൂന്നാർ. പ്രകൃതിയെ അതിന്റെ പൂർണതയിൽ അറിയാൻ സഞ്ചാരികൾക്ക് മൂന്നാർ അവസരം നൽകുന്നു. സമുദ്രനിരപ്പിൽ നിന്നും 1,600 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഹിൽസ്റ്റേഷൻ മുൻ ബ്രിട്ടീഷ് സർക്കാരിന്റെ ദക്ഷിണേന്ത്യയിലെ വേനൽക്കാല വസതിയായിരുന്നു. പച്ച പുതച്ച തേയിലത്തോട്ടങ്ങൾ, കുന്നുകൾക്ക് മുകളിൽ പരവതാനി വിരച്ച പോലെ കാണപ്പെടുന്ന തണുത്ത മൂടൽമഞ്ഞ്, സുഗന്ധവ്യഞ്ജന തോട്ടങ്ങൾക്കിടയിലൂടെയുള്ള വളഞ്ഞുപുളഞ്ഞ പാതകൾ എന്നിവ മൂന്നാറിനെ ഒരു സ്വപ്നഭൂമിയാക്കി മാറ്റുന്നു.

വെള്ളച്ചാട്ടങ്ങൾ, തടാകങ്ങൾ, വ്യൂപോയിന്റുകൾ, പച്ചക്കറി തോ‌ട്ടങ്ങൾ, വന്യജീവി സങ്കേതങ്ങൾ, സാഹസിക വിനോദങ്ങൾ എന്നിവയെല്ലാം മൂന്നാർ സഞ്ചാരികൾക്കായി കാത്തുവെച്ചിട്ടുണ്ട്. വനങ്ങളും പുൽമേടുകളുമെല്ലാം ധാരാളം കാണപ്പെടുന്ന ഇവിടെ പന്ത്രണ്ട് വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞ എന്ന അപൂർവ സസ്യജാലത്തെയും കാണാം. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി മൂന്നാറിലാണ് സ്ഥിതിചെയ്യുന്നത്. 2,695 മീറ്ററിലധികം ഉയരമുള്ള ആനമുടിയിലേയ്ക്കുള്ള ട്രക്കിംഗ് മറക്കാനാകാത്ത ഓർമ്മകൾ സമ്മാനിക്കും. അതേസമയം, മൂന്നാറിന് പുറമെ, കാമറൂൺ ഹൈലാൻഡ്സ് (മലേഷ്യ), ഖാവോ യായ് (തായ്‌ലൻഡ്), പുൻകാക് (ഇന്തോനേഷ്യ), ഫുജികവാഗുചിക്കോ (ജപ്പാൻ), കെൻ്റിങ് (തായ്‌വാൻ), സാപ (വിയറ്റ്നാം), പ്യോങ്ചാങ്-ഗൺ (ദക്ഷിണ കൊറിയ) എന്നിവിടങ്ങളാണ് ഏഷ്യയിലെ മികച്ച ഗ്രാമീണ ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!