തദ്ദേശ തെരഞ്ഞെടുപ്പ്: സംവരണ വാർഡ് ഇൗ മാസം അവസാനം

തെരഞ്ഞെടുപ്പിനുമുന്നോടിയായി തദ്ദേശഭരണ വാർഡുകളുടെ സംവരണം ഇൗ മാസം അവസാനം നിശ്‌ചയിക്കും. നറുക്കെടുപ്പിലൂടെയാണ് സംവരണ വാർഡ് തെരഞ്ഞെടുക്കുക. 2015ലെയും 2020ലെയും തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി സംവരണമുണ്ടായിരുന്ന വാർഡുകളെ നറുക്കെടുപ്പിൽനിന്ന് ഒഴിവാക്കും. വാർഡ് പുനർവിഭജനത്തിലൂടെ പുതുതായി രൂപീകരിച്ച വാർഡിൽ നിലവിലുള്ള സംവരണ വാർഡിലെ 50 ശതമാനത്തിൽ കൂടുതൽ ജനസംഖ്യയുണ്ടെങ്കിൽ അത് നിലവിലുള്ള സംവരണ വാർഡായി കണക്കാക്കും. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവർഗ സ്ത്രീ, പട്ടികജാതി, പട്ടികവർഗം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങൾക്കാണ് തദ്ദേശസ്ഥാപന വാർഡുകളിൽ സംവരണമുള്ളത്.
സ്‌ത്രീകൾക്ക് ഓരോ തദ്ദേശ സ്ഥാപനത്തിലും 50 ശതമാനവും പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങൾക്ക് ജനസംഖ്യയ്‌ക്ക് ആനുപാതികമായുമാണ് സംവരണം നിശ്‌ചയിക്കുക. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിന് സംവരണംചെയ്ത സീറ്റുകളിൽ 50 ശതമാനം ഇൗ വിഭാഗത്തിലെ സ്ത്രീകൾക്കായും സംവരണം ചെയ്തിട്ടുണ്ട്. ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകളിലെ വാർഡ് സംവരണത്തിനുള്ള നറുക്കെടുപ്പ് നടത്തുന്നത് കലക്ടറാണ്. മുനിസിപ്പാലിറ്റികളിൽ തദ്ദേശ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറും കോർപ്പറേഷനുകളിൽ തദ്ദേശവകുപ്പ് അർബൻ ഡയറക്ടറുമാണ് വാർഡ് സംവരണം നിശ്ചയിക്കുക. രാഷ്ട്രീയപാർടി പ്രതിനിധികളുടെ സാന്നിധ്യത്തിലാകും നറുക്കെടുപ്പ്.
സംവരണം നിശ്ചയിക്കുന്നതിന് സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കും 26ന് ഓൺലൈൻ പരിശീലനം നൽകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ അറിയിച്ചു. 2025 ലെ തദ്ദേശ പൊതുതെരഞ്ഞെടുപ്പിൽ നിലവിൽ നിശ്‌ചയിച്ചതിനേക്കാൾ പോളിങ് ബൂത്തുകൾ കൂടും. കരട് വോട്ടർ പട്ടിക അനുസരിച്ച് 30,759 പോളിങ് ബൂത്തുകളാണ് കമീഷൻ നിശ്‌ചയിച്ചിരുന്നത്. എന്നാൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ കരടിലേതിനേക്കാൾ 16,34,207 വോട്ടർമാർ വർധിച്ചു. അന്തിമ വോട്ടർപട്ടികയിൽ ആകെ 2,83,12,463 പേരുണ്ട്. കലക്‌ടർമാർക്ക് ബൂത്തുകൾ പുനഃക്രമീകരിക്കുന്നതിന് തെരഞ്ഞെടുപ്പ് കമീഷൻ നിർദേശം നൽകി. ബൂത്തുകളിലെ പരമാവധി വോട്ടർമാരുടെ എണ്ണം കുറയ്‌ക്കാം. പഞ്ചായത്തുകളിൽ ഒരു വാർഡിൽ 1,200 വോട്ടർമാർക്ക് ഒരു പോളിങ്‌ബൂത്ത് എന്ന നിലയിലും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും 1,500 വോട്ടർമാർക്ക് ഒരു പോളിങ് ബൂത്ത് എന്ന നിലയിലുമാകും ക്രമീകരണം.