പാപ്പിനിശ്ശേരി റെയിൽവേ മേൽപാലത്തിൽ വീണ്ടും വിള്ളൽ

കണ്ണൂർ : കെഎസ്ടിപി റോഡ് പാപ്പിനിശ്ശേരി റെയിൽവേ മേൽപാലത്തിൽ വൻ തകർച്ച. സ്ളാബുകൾ കൂട്ടിയോജിപ്പിക്കുന്ന എക്സ്പാൻഷൻ ജോയിൻ്റ് തകർന്നു പാലത്തിനു കുറുകെ വലിയരീതിയിൽ വിള്ളൽ രൂപപ്പെട്ടു. അപകടകരമായ നിലയിൽ ഇരുമ്പുകമ്പികൾ പുറത്തേക്കു തെറിച്ചു കിടക്കുന്ന സ്ഥിതിയിലാണ്. ഇതിനിടെ നിറയെ കുഴികളും രൂപപ്പെട്ടു. 2018ൽ നിർമാണം പൂർത്തിയാക്കി ഒരു വർഷത്തിനകം തന്നെ എക്സ്പാൻഷൻ ജോയിൻറുകളിൽ തകർച്ച കണ്ടുതുടങ്ങിയിരുന്നു. പിന്നീടു മാറ്റി സ്ഥാപിച്ച എക്സ്പാൻഷൻ ജോയിന്റുകളിൽ ഒന്നാണ് ഇപ്പോൾ തകർന്നത്. പാചകവാതക ടാങ്കർ ലോറികളടക്കം ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിലെ തകർച്ച അപകടസാധ്യത വർധിപ്പിക്കുന്നു. കണ്ണൂർ ഭാഗത്തെ ഏതാനും സ്പാനുകളുടെ മുകളിൽ കുഴികൾ രൂപപ്പെടുന്നതും കുലുക്കവും പതിവാണ്. കെഎസ്ടിപി പാപ്പിനിശ്ശേരി റെയിൽവേ മേൽപാലം നിർമാണം പൂർത്തിയായ അന്നുമുതൽ തകർച്ചയും അറ്റകുറ്റപ്പണിയും തുടങ്ങിയതാണ്. തകർച്ച ശാശ്വതമായി പരിഹരിക്കുമെന്ന ഉറപ്പിലാണ് 2021 ഡിസംബറിൽ ഒരു മാസത്തേക്കു പാലം അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തിയത്. എന്നാൽ തകർച്ചയ്ക്ക് ഒരു മുടക്കവുമില്ല.