മഴ പെയ്തോട്ടെ, രാജന്റെ പറമ്പിൽ പച്ചക്കറി നൂറുമേനി

കൂത്തുപറമ്പ്: തോരാത്ത മഴയിലും പച്ചക്കറി കൃഷിയിൽ വിജയഗാഥയെഴുതുകയാണ് കൂത്തുപറമ്പ് കൈതേരി യിലെ റിട്ട. അദ്ധ്യാപകനായ രാജൻ കുന്നുമ്പ്രോൻ. രാജൻ -വത്സല ദമ്പതിമാർ തങ്ങളുടെ മരതകം ഫാമിൽ നിന്നും വെണ്ട, കൈപ്പക്ക, കക്കിരി, വെള്ളരി, പച്ചമുളക്, താലോലി എന്നിവ ഉത്പാദിപ്പിച്ച് ദിനംപ്രതി കിലോ കണക്കിന് ഉൽപ്പന്നങ്ങൾ കൂത്തുപറമ്പിലും സമീപപ്രദേശങ്ങളിലെ കടകളിലും കൂടാതെ നേരിട്ടും വിൽപ്പന നടത്തിവരികയാണ്തൊക്കിലങ്ങാടി ഹൈസ്കൂൾ അദ്ധ്യാപകനായിരിക്കെ സ്കൂളിലും വിദ്യാർത്ഥികളോടൊപ്പം നിരവധി കാർഷിക പ്രവർത്തനങ്ങൾ ചെയ്തു. സംസ്ഥാന സർക്കാരിന്റെ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ രാജനെ തേടിയെത്തുകയുണ്ടായി. ഒരു വർഷം മൂന്ന് സീസണായാണ് കൃഷി ഇറക്കുന്നത് . വേനലിൽ രണ്ടു തവണയും മഴക്കാലത്ത് ഒരു തവണയും. ആധുനിക രീതിയിലാണ് കൃഷി. തടമെടുത്ത് മൾച്ചിങ് ചെയ്താണ് കൃഷി ചെയ്യുന്നത്. മഴക്കാല കൃഷിക്ക് ഏപ്രിലിൽ മണ്ണൊരുക്കും. തുടർന്ന് മണ്ണ് കിളച്ച് കുമ്മായം ഇട്ട് 15 ദിവസം കഴിഞ്ഞ് തടം എടുത്ത് അടിവളമായി എല്ലുപൊടി, ചാണകപ്പൊടി, വേപ്പിൻപിണ്ണാക്ക് നൽകും. ഷീറ്റിൽ വിത്തിടാൻ ഓരോ ദ്വാരവും മൾച്ചിങ് ചെയ്താൽ കള ശല്യം ഉണ്ടാവില്ല. ഹൈബ്രിഡ് വിത്താണ് ഉപയോഗിക്കുന്നത്.മഴക്കാല കൃഷിക്ക് ഒരുപാട് ഗുണമുണ്ടെന്ന് രാജൻ പറയുന്നു. മഴക്കാലം പൊതുവേ പച്ചക്കറി ഉൽപാദനം കുറവായതിനാൽ നല്ല വില ലഭിക്കും. മഴക്കാലം നനയ്ക്കേണ്ട ആവശ്യവുമില്ല. ആറുമാസത്തോളം നനക്കാതെ കൃഷി ചെയ്യാമെന്നും രാജൻ പറഞ്ഞു.ജൈവകൃഷി ആയതിനാൽ തോട്ടത്തിൽ നേരിട്ട് എത്തി ആൾക്കാർ പച്ചക്കറി വാങ്ങുന്നതോടൊപ്പം കൂത്തുപറമ്പ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നു. വത്സല അദ്ധ്യാപികയാണ്.