ടെറ്റ് നിർബന്ധമാക്കിയ സുപ്രീംകോടതി വിധി; അധ്യാപകരെ രക്ഷിക്കാൻ നിയമനടപടിക്കൊരുങ്ങി കേരളം

തിരുവനന്തപുരം: അധ്യാപക യോഗ്യതാ പരീക്ഷ (ടെറ്റ്) പാസാവാത്തവര്‍ക്ക് രണ്ടുവര്‍ഷം കഴിഞ്ഞാല്‍ നിര്‍ബന്ധിത വിരമിക്കല്‍ നല്‍കണമെന്ന സുപ്രീംകോടതി വിധിയില്‍ നിയമനടപടിക്ക് കേരളം. വിധി പരിശോധിച്ച ശേഷം, സുപ്രീംകോടതിയെ സമീപിക്കുന്നത് ആലോചിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി ‘മാതൃഭൂമി’യോടു പറഞ്ഞു. അധ്യാപകര്‍ക്ക് തൊഴില്‍ഭീഷണി ഉയര്‍ന്ന പശ്ചാത്തലത്തില്‍ തമിഴ്നാട്, ഒഡിഷ സര്‍ക്കാരുകള്‍ നിയമനടപടിക്കു നീക്കംതുടങ്ങിയിരുന്നു. നിലവില്‍ അരലക്ഷത്തിലേറെ അധ്യാപകരെ കോടതിവിധി ബാധിക്കും. 2009-ല്‍ വിദ്യാഭ്യാസ അവകാശ നിയമം (ആര്‍ടിഇ) വന്ന ശേഷമാണ് ടെറ്റ് നിര്‍ബന്ധമായത്. അതിനുമുമ്പ് നിയമിക്കപ്പെട്ടവര്‍ക്കും ടെറ്റ് യോഗ്യത നിര്‍ദേശിച്ച് ദേശീയ അധ്യാപക വിദ്യാഭ്യാസ കൗണ്‍സില്‍ (എന്‍സിടിഇ) 2010-ല്‍ മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. കേരളത്തില്‍ ആര്‍ടിഇ ചട്ടം നിലവില്‍ വന്നത് 2010-ല്‍ ആണ്. 2011-ന് ശേഷം സര്‍വീസില്‍ കയറുന്നവര്‍ക്ക് കെ-ടെറ്റ് നിര്‍ബന്ധമാക്കി. 2012 മുതല്‍ ഇതു നടപ്പായി.
അതിനുമുന്‍പുള്ള പിഎസ്സി റാങ്ക് പട്ടികയിലുള്ളവരെ ഒഴിവാക്കിയിരുന്നു. പുതിയനിയമം വരുമ്പോള്‍ അതിനു മുന്‍പുള്ളവരെ സംരക്ഷിക്കുന്നതാണ് സാമാന്യരീതി. ഇതനുസരിച്ചായിരുന്നു കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ഇളവ്. പക്ഷേ, ആര്‍ടിഇ പ്രകാരമുള്ള ടെറ്റ് യോഗ്യതയ്ക്കു മുന്‍കാല പ്രാബല്യവും കണക്കാക്കിയാണ് കോടതിവിധി.
നിയമയുദ്ധത്തിന് അധ്യാപക സംഘടനകള്‍
ടെറ്റ് പ്രശ്‌നത്തില്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ പ്രതിപക്ഷ സംഘടനയായ കെപിഎസ്ടിഎ തീരുമാനിച്ചു. അധ്യാപകരുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.പി. അബ്ദുല്‍ മജീദ് ആവശ്യപ്പെട്ടു. അധ്യാപകരുടെ ആശങ്കയകറ്റാന്‍ നിയമസഹായം തേടുമെന്ന് കെഎസ്ടിസി സംസ്ഥാന പ്രസിഡന്റ് ഹരീഷ് കടവത്തൂരും പറഞ്ഞു.
കണക്ക് ഇങ്ങനെ
ആകെ 1.75 ലക്ഷം സ്‌കൂള്‍ അധ്യാപകര്‍. ഇതില്‍ കാല്‍ലക്ഷം ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് ടെറ്റ് ബാധകമല്ല.
1-10 ക്ലാസുകളില്‍ 1.5 ലക്ഷം പേര്‍
ആര്‍ടിഇ വന്ന ശേഷം ടെറ്റ് നേടി നിയമിതരായത് 70,000 പേര്‍
വിരമിക്കാന്‍ അഞ്ച് വര്‍ഷ മുള്ളവര്‍ക്ക് ടെറ്റ് നിര്‍ബന്ധമല്ലാത്തതിനാല്‍ കോടതിയുടെ ഇളവുള്ളവര്‍ 30,000 പേര്‍
ഇനി ടെറ്റ് നേടേണ്ടവര്‍ 50,000 പേര്‍