ശീതള പാനീയങ്ങള്‍ ഇനി കീശ കാലിയാക്കും; ജിഎസ്ടി നിരക്ക് അറിയാം

ന്യൂഡല്‍ഹി: ഒരു രസത്തിന് വാങ്ങിക്കഴിക്കുന്ന ശീതള പാനീയങ്ങള്‍ ഇനി കീശ കാലിയാക്കും.കാര്‍ബണേറ്റഡ്, കഫീന്‍ അടങ്ങിയത് ഉള്‍പ്പെടെയുള്ള മധുരവും രുചിയുമുള്ള പാനീയങ്ങളുടെ നികുതി വര്‍ധിപ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന 56-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നിലവിലെ 28 ശതമാനത്തില്‍ നിന്ന് 40 ശതമാനമാക്കിയാണ് നികുതി വര്‍ധിപ്പിച്ചത്. ഇത് കൊക്കകോള, പെപ്‌സി, നെസ്ലെ തുടങ്ങിയ കമ്പനികളുടെ ഉല്‍പ്പന്നങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാം. നികുതിയില്‍ ഉണ്ടായ വര്‍ധന സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും. കാര്‍ബണേറ്റഡ് ഫ്രൂട്ട് ഡ്രിങ്കുകള്‍, ഫ്രൂട്ട്-ജ്യൂസ് അടിസ്ഥാനമാക്കിയുള്ള ഫിസി പാനീയങ്ങള്‍, നോണ്‍-ആല്‍ക്കഹോളിക് ഫ്‌ലേവേര്‍ഡ് ഡ്രിങ്കുകള്‍, പഞ്ചസാരയോ മധുരപലഹാരങ്ങളോ ചേര്‍ത്ത എല്ലാ എയറേറ്റഡ് പാനീയങ്ങളുമാണ് ഇപ്പോള്‍ 40 ശതമാനം ജിഎസ്ടി പരിധിയില്‍ വരുന്നത്. കാര്‍ബണേറ്റഡ് പാനീയങ്ങളെ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുടെ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തരുതെന്ന് സര്‍ക്കാരിനോട് ഇന്ത്യന്‍ ബിവറേജ് അസോസിയേഷന്‍ (ഐബിഎ) അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കാതെയാണ് ജിഎസ്ടി കൗണ്‍സില്‍ തീരുമാനം. ആഗോള രീതിയുമായി പൊരുത്തപ്പെടുന്ന തരത്തില്‍ പഞ്ചസാര അടിസ്ഥാനമാക്കിയുള്ള നികുതി മാതൃക നടപ്പാക്കണമെന്നതായിരുന്നു വ്യവസായ സംഘടനയുടെ നിര്‍ദേശം. പഞ്ചസാര കുറഞ്ഞതും പഞ്ചസാര ഇല്ലാത്തതും ഫ്രൂട്ട് വേരിയന്റുകളും തമ്മില്‍ തിരിച്ചറിയാന്‍ ഇത് സഹായകരമാണെന്നാണ് വ്യവസായ സംഘടനകളുടെ വാദം.