നിക്ഷേപത്തട്ടിപ്പിൽ ജാഗ്രത വേണമെന്ന് പൊലീസ്

തിരുവനന്തപുരം: ഓഹരി വ്യാപാര സ്ഥാപനമായ കാപ്പിറ്റലിക്സിന്റെ പേരില്‍ നിക്ഷേപത്തട്ടിപ്പ് വര്‍ധിക്കുന്നുവെന്നും ജാഗ്രത പാലിക്കണമെന്നും സൈബർ പൊലീസ്. കൂടുതല്‍ ലാഭം വാഗ്ദാനം ചെയ്തുള്ള വ്യാജ പരസ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു. പരസ്യങ്ങളില്‍ ഈ മേഖലയിലെ പ്രമുഖരുടെ വ്യാജ വീഡിയോ എഐ സഹായത്തോടെ നിര്‍മിച്ചാണ് ഇവർ പ്രചരിപ്പിക്കുന്നത്. താൽപ്പര്യം പ്രകടിപ്പിക്കുന്നവരെ ട്രേഡിങ് പഠിപ്പിക്കാന്‍ എന്ന വ്യാജേന വാട്‌സാപ്, ടെലിഗ്രാം ഗൂപ്പില്‍ അംഗങ്ങളാക്കും. തുടർന്ന് വ്യാജ വെബ്സൈറ്റുകളില്‍ അക്കൗണ്ട് തുടങ്ങാന്‍ നിര്‍ബന്ധിക്കുകയും പണം നിക്ഷേപിപ്പിക്കുകയും ചെയ്യും. കേരളത്തിലെ പ്രമുഖ വ്യവസായിക്ക് 26 കോടിയിലേറെ നഷ്ടപ്പെട്ടിട്ടുണ്ട്. വ്യാജ പരസ്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയോ തട്ടിപ്പിന് ഇരയാവുകയോ ചെയ്താല്‍ പരമാവധി ഒരുമണിക്കൂറിനകം വിവരം 1930 എന്ന നമ്പരിലോ www.cybercrime.gov.in മുഖേനയോ അറിയിക്കണം.