ഓണം കളറാക്കാൻ നാടുണര്‍ന്നു; ഇന്ന് ഉത്രാടപ്പാച്ചില്‍

ഓണാഘോഷങ്ങളുടെ അവസാനവട്ട ഒരുക്കങ്ങളുമായി ഇന്ന് ഉത്രാടപ്പാച്ചില്‍. തിരുവോണനാളിലെ പൂക്കളത്തിനാവശ്യമായ പൂക്കളും ഓണസദ്യയ്ക്കുള്ള സാധനങ്ങളും മറ്റും വാങ്ങുവാനുമുള്ള തിരക്കായിരിക്കും ഇന്ന്. ദിവസങ്ങളായി വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും പച്ചക്കറി, പലവ്യഞ്ജന കടകളിലും തെരുവുകച്ചവടയിടങ്ങളിലും തിരക്കോട് തിരക്കായിരുന്നു. നഗരത്തില്‍ ഗതാഗതക്കുരുക്കും രൂക്ഷമായിരുന്നു. ഇന്ന് കഴിഞ്ഞ ദിവസങ്ങളെക്കാള്‍ കുരുക്കേറാൻ സാധ്യതയുണ്ട്. കണ്ണൂർ പഴയ ബസ്‌സ്റ്റാൻഡ്, സ്റ്റേഡിയം പരിസരം തുടങ്ങിയിടങ്ങളിലെല്ലാം തെരുവുകച്ചവടം സജീവമാണ്. പൂക്കള്‍ക്ക് മുൻ വർഷങ്ങളെ അപേക്ഷിച്ച് പൊള്ളുന്ന വിലയാണ്. ജില്ലയിലെ എല്ലാ വിനോദ സഞ്ചാരകേന്ദ്രങ്ങളിലും തിരക്കേറി. പയ്യാമ്ബലം, മുഴപ്പിലങ്ങാട്, ചാല്‍ ബീച്ചുകളിലെല്ലാം നൂറുകണക്കിന് ആളുകളാണ് എത്തുന്നത്. അതേസമയം ഇന്നലെ ഉച്ചമുതല്‍ ചെറുതായി പെയ്യാന്‍ തുടങ്ങിയ മഴ വ്യാപാരികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മലയോര മേഖലയില്‍ കഴിഞ്ഞദിവസം രാത്രി മുതല്‍ ശക്തമായ മഴയായിരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്രാപിച്ച് തീവ്ര ന്യൂനമര്‍ദമായി മാറുമെന്നും ഓണനാളുകളില്‍ ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥ മുന്നറിയിപ്പുണ്ട്. മഴ കച്ചവടത്തെ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍.
നാടെങ്ങും ഓണാഘോഷം
കോളജ്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ക്ലബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങി എല്ലായിടത്തും ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. പൂക്കള മത്സരം, കമ്ബവലി, ഓണക്കളികള്‍ തുടങ്ങിയവല്ലാം കൊണ്ട് ഓണം കെങ്കേമമാക്കുകയാണ് ഓരോരുത്തരും. കഴിഞ്ഞ ദിവസങ്ങളില്‍ കോര്‍പറേഷന്‍, ജില്ലാപഞ്ചായത്ത്, പോലീസ് സേന എന്നിങ്ങനെ തുടങ്ങി എല്ലായിടത്തും ഓണാഘോഷ പരിപാടികള്‍ നടന്നു.
മേളകളില്‍ വൻ തിരക്ക്
ഓണത്തോടനുബന്ധിച്ചുള്ള മേളകളില്‍ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പോലീസ് മൈതാനിയില്‍ കൈത്തറി വസ്ത്രപ്രദര്‍ശന വിപണനമേള, കേരള ദിനേശിന്‍റെ ഓണം വിപണനമേള, ജില്ലാ പഞ്ചായത്തിന്‍റെ കാര്‍ഷിക പരമ്ബരാഗത വ്യവസായ ഉത്പന്ന പ്രദര്‍ശന വിപണനമേള, ഓണം ഫെയര്‍ എന്നിവയാണുള്ളത്. സ്റ്റേഡിയം കോര്‍ണറിലും വഴിയോര കച്ചവടക്കാര്‍ ഇടം പിടിച്ചിട്ടുണ്ട്. വസ്ത്രങ്ങള്‍ക്ക് സാധാരണക്കാര്‍ ഏറെയും ആശ്രയിക്കാറുള്ളത് തെരുവോര കച്ചവടത്തെയാണ്. കീശ കാലിയാകാതെ വില പേശി വാങ്ങാമെന്നതും തെരുവോര വിപണിയെ ജനപ്രിയമാക്കുന്നുണ്ട്.
പൂക്കള്‍ക്ക് തീവില
അത്തം തുടങ്ങിയതു മുതല്‍ പൂക്കച്ചവടക്കാർ നഗരത്തില്‍ സ്ഥാനം പിടിച്ചിരുന്നുവെങ്കിലും ഇന്നലെയാണ് വിപണി സജീവമായത്. ചെണ്ടുമല്ലി,ജമന്തി ,വാടാമല്ലി, ഡാലിയ,റോസ്,അരളി, ട്രൂബ് റോസ്, ബട്ടർ റോസ് എന്നിവയാണ് വിപണിയിലെ താരങ്ങള്‍. പൂക്കളുടെ വില അല്പം ഉയർന്നു തന്നെയാണ്. കിലോയ്ക്ക് 200 രൂപ മുതലാണ് മൊത്തവില.
മഞ്ഞച്ചെണ്ടുമല്ലി 400, ഓറഞ്ച് ചെണ്ടുമല്ലി 300, വെള്ള ജമന്തി 800, വയലറ്റ് ജമന്തി 800, പിങ്ക് ജമന്തി 800, അരളി 600, റോസ് 600, ഡാലിയ വെള്ള 500, വാടാമല്ലി 400 എന്നിങ്ങനെയാണ് വില. മഴ കാരണം കർണാടകയില്‍ പൂക്കളുടെ ഉത്പാദനം കുറഞ്ഞതോടെ വടക്കൻ ജില്ലകളിലേക്കുള്ള പൂക്കളുടെ വരവും കുറഞ്ഞിട്ടുണ്ട്. റോഡുകളുടെ ശോച്യാവസ്ഥ കർണാടകയില്‍ നിന്ന് പൂക്കളെത്തിക്കുന്നതിനും തടസമാകുന്നുണ്ട്. ഇതെല്ലാമാണ് ഇത്തവണ പൂവില ഉയരാൻ കാരണമെന്ന് കച്ചവടക്കാർ പറയുന്നു.
പച്ചക്കറിയില്‍ നേരിയ ആശ്വാസം
പച്ചക്കറിക്ക് ചെറിയ തോതില്‍ വില കുറഞ്ഞത് ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നുണ്ട്. ഈ മാസം ആദ്യം ചില പച്ചക്കറികള്‍ക്ക് വലിയ തോതില്‍ വർധിച്ചിട്ടുണ്ടായിരുന്നു. തക്കാളിക്ക് മൊത്ത വിപണിയില്‍ 110 വരെ കടന്നു. തക്കാളിക്ക് ക്ഷാമവുമുണ്ട്. ഇഞ്ചിക്ക് 230, വെളുത്തുളളിക്ക് 180, പയറിന് 70, മുരിങ്ങ 50 എന്നിങ്ങനെയാണ് ഒരാഴ്ചയ്ക്കിടയിലെ വില.
കൃഷി വകുപ്പിന്‍റെ നേതൃത്വത്തില്‍ ജില്ലയിലെ 141 സ്ഥലങ്ങളില്‍ പച്ചക്കറിച്ചന്തകള്‍ തുറന്നിട്ടുണ്ട്. ഇവിടെ 30 ശതമാനം വിലകുറവിലാണ് പച്ചക്കറികള്‍ ലഭിക്കുന്നത്. ഇതിന് പുറമേ സഞ്ചരിക്കുന്ന ഹോർട്ടികോപ് സ്റ്റോറും ഉണ്ട്.
ഒറ്റക്കോളില്‍ ഓണസദ്യ
പലതരം ഓഫറുകളുമായി ഭക്ഷണ വിതരണക്കാർ രംഗത്തുണ്ട്. ഒറ്റക്കോള്‍ ബുക്കിംഗില്‍ സദ്യ വീട്ടിലെത്തും. അത്തം മുതല്‍ തന്നെ ഓണസദ്യയുമായി കാറ്ററിംഗ് സ്ഥാപനങ്ങളും ഹോട്ടലുകളും തിരക്കിലാണ്. 230 മുതല്‍ 450 വരെയാണ് സദ്യയുടെ വില. അഞ്ച് പേർക്കുള്ള സദ്യയ്ക്ക് 1300 മുതല്‍ 2000 വരെയാണ് നിരക്ക്. ഉപ്പേരി, ശർക്കരവരട്ടി, നാരങ്ങ-മാങ്ങ അച്ചാറുകള്‍, കിച്ചടി, പച്ചടി, കൂട്ടുകറി, അവിയല്‍, തോരൻ, ഇഞ്ചിക്കറി, കാളൻ, രസം, മോര് എന്നിങ്ങനെ വിഭവ സമൃദ്ധമായ സദ്യ ഇലയില്‍ കഴിക്കാം. രണ്ടുകൂട്ടം പായസവും ഉണ്ടാകും. കുടുംബശ്രീയുടെ നേതൃത്വത്തിലും ഓണസദ്യ വീട്ടിലെത്തിക്കുന്നുണ്ട്. 149 മുതല്‍ 349 വരെയാണ് കുടുംബശ്രീയുടെ ഓണസദ്യയുടെ വില.
മണ്‍ചട്ടി വില്പന കുറഞ്ഞു
ഓണവിപണിയിലെ മണ്‍പാത്രങ്ങള്‍ക്ക് വില കുറവാണെങ്കിലും ആവശ്യക്കാര്‍ കുറവെന്ന് കച്ചവടക്കാര്‍. ഓണത്തിന് ദിവസങ്ങള്‍ക്ക് മുമ്ബ് തന്നെ സ്റ്റേഡിയം കോര്‍ണറിലും പോലീസ് മൈതാനിയിലും മണ്‍പാത്രവിപണി സജീവമായിട്ടുണ്ട്. വര്‍ഷംതോറും ഉത്പാദന ചെലവ് വര്‍ധിക്കുമ്ബോഴും വില്പന കുറയുന്നത് ഈ മേഖലയെ തളര്‍ത്തുന്നുവെന്ന് കച്ചവടക്കാര്‍ പറയുന്നു. 80 രൂപയ്ക്ക് തുടങ്ങി 500 രൂപ വരെയുള്ള വ്യത്യസ്ത വലിപ്പമുള്ള കറിച്ചട്ടികള്‍ ഇവിടെ ലഭ്യമാണ്. 250 മുതല്‍ 300 രൂപവരേ വിലയുള്ള കൂജകള്‍ക്കാണ് ആവശ്യക്കാർ കൂടുതല്‍. പൂച്ചട്ടികള്‍ക്ക് 550 മുതല്‍ 850 രൂപ വരെയാണ് വില.