കെ ഫോണിനെ മാതൃകയാക്കാനൊരുങ്ങി തമിഴ്നാട്; പഠനം നടത്താൻ ‘ടാൻഫിനെറ്റ്’

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായ കെ ഫോണിനെപ്പറ്റി പഠനം നടത്താനും മാതൃകയാക്കി പദ്ധതി നടപ്പാക്കാനുമൊരുങ്ങി തമിഴ്നാട്. സംസ്ഥാന സർക്കാർ വിജയകരമായി നടപ്പാക്കിയ കെ ഫോൺ പദ്ധതിയെപ്പറ്റി പഠനം നടത്താൻ തമിഴ്നാട് ഫൈബർ നെറ്റ് കോർപ്പറേഷൻ (ടാൻഫിനെറ്റ്) ടീം കെ ഫോൺ ഓഫീസുകളിൽ സന്ദർശനം നടത്തുകയും കെ ഫോൺ ടീമുമായി ചർച്ച നടത്തുകയും ചെയ്തു. കെ ഫോണിനെ പ്രതിനിധീകരിച്ച് കെ ഫോൺ എംഡി ഡോ. സന്തോഷ് ബാബു, സിടിഒ ആർഎസ് മുരളി കിഷോർ, സിഎസ്ഒ ബിൽസ്റ്റിൻ ഡി ജിയോ, ഡിജിഎം മധു എം നായർ തുടങ്ങിയവരുമായി ടാൻഫിനെറ്റ് ടീം ചർച്ച നടത്തി. ടാൻഫിനെറ്റ് സിടിഒ അജിത്ത് പോൾ, മാർക്കറ്റിങ്ങ് ഹെഡ് ബാല സുബ്രമണ്യൻ എന്നിവരുടെ നേതൃത്വത്തിലാണ് ടാൻഫിനെറ്റ് ടീം കെഫോൺ സന്ദർശനം നടത്തിയത്.
കെഫോൺ പദ്ധതി പ്രാവർത്തികമാക്കിയ രീതി, ഒരു ലക്ഷത്തിലധികം ഉപഭോക്താക്കളെ ആകർഷിച്ച പ്രവർത്തന പദ്ധതി, ട്രാഫിക് എൻജിനീയറിങ്, പദ്ധതിയുടെ ഗുണഫലങ്ങൾ, ബിസ്നസ് മോഡൽ, കെഫോൺ പദ്ധതിയുടെ ആർക്കിടെക്ചർ മികവ്, നെറ്റുവർക്ക് ഓപ്പറേറ്റിങ്ങ് സെന്റർ (NOC) ഹെൽപ്പ് ഡസ്ക് മാനേജ്മെന്റ്, ട്രാഫിക്ക് യൂട്രിലൈസേഷൻ, കെഫോൺ നെറ്റുവർക്കിന്റെ വളർച്ച, കസ്റ്റമർ ആൻഡ് നെറ്റുവർക്ക് എസ്എൽഎ (സർവീസ് ലെവൽ എഗ്രിമെന്റ്) മീറ്റിങ്ങ്, നെറ്റുവർക്ക് അപ്ഗ്രഡേഷൻ, കസ്റ്റമർ കംപ്ലയിന്റ്സ് മാനേജ്മെന്റ് തുടങ്ങിയവയാണ് പ്രധാനമായും ടാൻഫിനെറ്റ് ടീം കെഫോണിൽ നിന്ന് കണ്ടറിഞ്ഞ് മനസിലാക്കാനെത്തിയത്. കൂടാതെ കെ ഫോൺ ആസ്ഥാനം, നെറ്റുവർക്ക് ഓപ്പറേറ്റിങ്ങ് സെന്റർ (നോക്ക്), നെറ്റുവർക്ക് ഇൻഫ്രാസ്ട്രക്ചർ കണ്ടറിയാൻ ഫിൽഡും പോയിന്റ് ഓഫ് പ്രസൻസ് (POP) കേന്ദ്രങ്ങളും ടാൻഫിനെറ്റ് ടീം സന്ദർശിച്ചു. കെഫോണിന്റെ വളർച്ച അഭിമാനിക്കാവുന്നതാണെന്നും മറ്റ് സംസ്ഥാനങ്ങൾ കെ ഫോണിനെ മാതൃകയാക്കുന്നത് ഏറെ സന്തോഷം നൽകുന്നതാണെന്നും കെ ഫോൺ എംഡി ഡോ. സന്തോഷ് ബാബു പറഞ്ഞു. നൂതന സാങ്കേതികവിദ്യയും ഏറ്റവും പുതിയ ഉപകരണങ്ങളും ഉപയോഗിച്ച് മികച്ച നെറ്റുവർക്കാണ് കെ ഫോൺ ഒരുക്കിയിരിക്കുന്നത്. കുറഞ്ഞ നിരക്കിൽ മികച്ച വേഗതയിൽ ഇന്റർനെറ്റ് നൽകിക്കൊണ്ട് സംതൃപ്തരായ ഉപഭോക്താക്കളുമായാണ് കെ ഫോണിന്റെ കുതിപ്പ്.