ഭിന്നശേഷി വിദ്യാർഥികൾക്ക് ഓണസമ്മാനമായി 5000 രൂപ വീതം പ്രൊഫിഷ്യൻസി അവാർഡ്

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് പ്രൊഫിഷ്യൻസി അവാർഡായി 5000 രൂപ വീതം ഓണനാളുകളിൽ ലഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 23.50 ലക്ഷം രൂപ ഇതിനായി അനുവദിച്ചു. എ ഗ്രേഡോ അതിനു മുകളിലോ നേടി വിജയിക്കുന്ന ജനറൽ വിഭാഗത്തിലെ വിദ്യാർഥികൾക്കും പരീക്ഷ പാസാകുന്ന ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർക്കും ആണ് 5000 രൂപ വീതം അവാർഡായി നൽകുക. ഇതിനായി ലഭ്യമായ അപേക്ഷകൾ പരിശോധിച്ചാണ് അർഹരായവരെ മാനദണ്ഡങ്ങൾക്കനുസരിച്ച് തിരഞ്ഞെടുത്തത്. എസ്എസ്എൽസി ജനറൽ വിഭാഗത്തിൽ 34 പേർക്കും ബൗദ്ധിക വെല്ലുവിളി നേരിടുന്നവരിൽ 235 പേർക്കും, പ്ലസ് ടു ജനറൽ വിഭാഗത്തിൽ 35 പേർക്കും ബൗദ്ധിക വെല്ലുവിളി നേരിടുന്നവരിൽ 166 പേർക്കുമായാണ് തുക അനുവദിച്ചത്. സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ മുഖേനയാണ് പ്രൊഫിഷ്യൻസി അവാർഡ് നൽകി വരുന്നത്. അവാർഡ് തുക വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും. അവാർഡിന് അർഹരായവരുടെ വിശദവിവരങ്ങൾ www.hpwc.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണെന്ന് മന്ത്രി അറിയിച്ചു. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഭിന്നശേഷിക്കാരെ ചേർത്ത് പിടിക്കുന്ന നിലപാടാണ് സർക്കാരിന്റേത്. ഭിന്നശേഷിക്കാരുടെ പെൻഷൻ കുടിശ്ശിക തീർത്തു നൽകാനും ആശ്വാസകിരണം അർഹരായ മുഴുവൻ പേർക്കും എത്തിക്കാനും കഴിഞ്ഞത് ഈ ഓണക്കാലത്ത് ഭിന്നശേഷിക്കാരുടെ കുടുംബങ്ങൾക്ക് ഏറെ സന്തോഷം പകരും – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.