24 മണിക്കൂർ കൺട്രോൾ റൂം… അഗ്നിശമന സംവിധാനം; ആധുനികമാണീ തുരങ്കപാത

കൽപ്പറ്റ: ആനക്കാംപൊയിൽ മുതൽ കള്ളാടിവരെ നിർമിക്കുന്ന തുരങ്കപാത ആധുനിക സംവിധാനത്തിലുള്ളത്. 8.11 കിലോമീറ്റർ നീളമുള്ള ഇരട്ട തുരങ്കപാതയിൽ ഉയർന്ന സുരക്ഷാസംവിധാനങ്ങളുമുണ്ടാകും. തുരങ്കത്തിനുള്ളിൽ തീപിടിത്തമുണ്ടായാൽ അണയ്ക്കാനുള്ള ആധുനിക അഗ്നിശമന സംവിധാനമുണ്ട്. പാതയിലെ ഓരോ ചലനവും നിരീക്ഷിച്ച് 24 മണിക്കൂർ കൺട്രോൾ റൂം പ്രവർത്തിക്കും. ഇതിനായി നൂറിലധികം സിസി ടിവികളുണ്ടാകും. മികച്ചനിലയിലുള്ള ടണൽ റേഡിയോ സിസ്റ്റവും ടെലിഫോൺ സിസ്റ്റവും കൺട്രോൾ റൂമുമായി ബന്ധപ്പെട്ടുണ്ടാകും. ടണൽ വെന്റിലേഷൻ, ശബ്ദ സംവിധാനം, എസ്കേപ് റൂട്ട് ലൈറ്റിങ്, ട്രാഫിക് ലൈറ്റ്, എമർജൻസി കോൾ സിസ്റ്റം തുടങ്ങിയവയും തുരങ്കപാതയിലുണ്ടാകും. അമിത ഉയരമുള്ള വാഹനങ്ങൾ കണ്ടെത്തി സിഗ്നൽ നൽകും.ഓരോ 300 മീറ്ററിലും ക്രോസ് പാസേജുകൾ ഉണ്ടാകും. ഇരുവഴിഞ്ഞിപ്പുഴയിൽ പാലങ്ങൾക്കും കലുങ്കുകൾക്കും പുറമേ അടിപ്പാതയും സർവീസ് റോഡുമുണ്ട്. പാത യാഥാര്‍ഥ്യമാകുന്നതോടെ ആനക്കാംപൊയിലില്‍നിന്ന് 22 കിലോമീറ്റര്‍കൊണ്ട് മേപ്പാടിയിലെത്താം. ചുരം യാത്രാദുരിതത്തിനും അറുതിയാകും. കേരളത്തില്‍നിന്ന് കര്‍ണാടകം, തമിഴ്നാട് സംസ്ഥാനങ്ങളിലേക്കുള്ള യാത്ര സുഗമമാകും.