കുവൈത്ത് മദ്യദുരന്തം: 40ഓളം ഇന്ത്യക്കാർ ആശുപത്രിയിൽ

കുവൈത്ത് സിറ്റി: മദ്യദുരന്തത്തിൽ 40 ഓളം ഇന്ത്യക്കാരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇതിൽ ചിലർ അത്യാഹിത നിലയിലാണ്. വിഷയത്തിൽ എംബസി ഏകോപനം നടത്തിവരികയാണ്. ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈകയും ഉദ്യോഗസഥരും ആശുപത്രികളിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. കുവൈത്ത് ആരോഗ്യ മന്ത്രാലയവുമായും ആശുപ്രതികളുമായും എംബസി എകോപനം നടത്തിവരികയാണ്. പ്രാദേശികമായി നിർമിച്ച മദ്യം കഴിച്ചു കഴിഞ്ഞ ഞായറാഴ്ച ഫർവാനിയ, അദാൻ ആശുപ്രതികളിൽ നിരവധി പ്രവാസികളെ പ്രവേശിപ്പിച്ചിരുന്നു. മരിച്ചവരിൽ മലയാളികളും ഉൾപ്പെട്ടതായാണ് വിവരം. എന്നാൽ മരിച്ചവരുടെ വിവരങ്ങൾ, രാജ്യം എന്നിവ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. വിവരങ്ങൾ അറിയുന്നതിനായി എംബസി ഹെൽപ് ലൈൻ ആരംഭിച്ചിട്ടുണ്ട്. വിവരങ്ങൾക്ക് +96565501587 നമ്പരിൽ വാട്സാപ്പിലും റഗുലർ കോളിലും ബന്ധപ്പെടാം. പ്രാദേശികമായി നിർമിച്ച മദ്യം കഴിച്ച് 13 പേർ മരിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. മെഥനോൾ കലർന്ന പാനീയം കഴിച്ചതിനെ തുടർന്ന് ശനിയാഴ്ച മുതൽ രാജ്യത്തെ വിവിധ ആശുപത്രികളിൽ 63 പേരാണ് ചികിത്സ തേടിയത്. ഇതിൽ 13 പേർ മരിച്ചതായും ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. മരണപ്പെട്ടവരെല്ലാം ഏഷ്യൻ പൗരന്മാരാണ്.