ഒഴുകിനടക്കുന്ന ലോകത്തെ ഏക നാഷണൽ പാർക്ക്, ഒരു ഇന്ത്യൻ വിസ്മയം

നിങ്ങൾ മുൻപ് ദേശീയോദ്യാനങ്ങൾ സന്ദർശിച്ചിട്ടുണ്ടാവാം. എന്നാൽ ഒഴുകുന്ന ഒരു ദേശീയോദ്യാനത്തെക്കുറിച്ച് നിങ്ങൾക്കറിയാമോ? ഇത് ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ഒരേയൊരു ദേശീയോദ്യാനമാണ്. അത് ഇന്ത്യയിലുമാണ്. മണിപ്പുരിലെ ലോക്തക് തടാകത്തിൽ സ്ഥിതിചെയ്യുന്ന കെയ്ബുൾ ലംജാവോ നാഷണൽ പാർക്കാണ് ഭൂമിയിലെ ഒരേയൊരു ഒഴുകുന്ന ദേശീയോദ്യാനം. പകുതി വനവും പകുതി ജലാശയവുമായ ഈ അപൂർവ പാരിസ്ഥിതിക വിസ്മയം യുനെസ്കോയുടെ താൽക്കാലിക പൈതൃക പട്ടികയിലുമുണ്ട്.സാധാരണ ചെളിപുരണ്ട പാദരക്ഷകളണിഞ്ഞുള്ള ട്രെക്കിങ് പോലെയല്ല കെയ്ബുൾ ലംജാവോ. ലോക്തക് തടാകത്തിൽ ഒഴുകിനടക്കുന്ന അഴുകിയ സസ്യങ്ങളുടെ കൂട്ടമായ “ഫുംഡികൾ” കൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നത്. പുല്ലും ജൈവാവശിഷ്ടങ്ങളും നിറഞ്ഞ ഈ നനഞ്ഞ പാളികൾ ഒരു ദേശീയോദ്യാനത്തിനു മുഴുവൻ അതിശയകരമാംവിധം അടിത്തറ നൽകുന്നു.
ലോകത്തിലെ ഏക നൃത്തം ചെയ്യുന്ന മാനുകളുള്ള സ്ഥലം
എൽഡ്സ് മാൻ എന്നും അറിയപ്പെടുന്ന സംഗായിയെ പരിചയപ്പെടാം. “നൃത്തം ചെയ്യുന്ന മാൻ” എന്ന് വിളിക്കപ്പെടുന്ന ഇത് അപൂർവവും മനോഹരവുമായ ഒരു ജീവിവർഗമാണിത്. ഭംഗിയുള്ള കുളമ്പുകളും വളഞ്ഞ കൊമ്പുകളുമായി സംഗായ് ഒരു പ്രഗത്ഭനായ ബാലെ നർത്തകനെപ്പോലെ നീങ്ങുന്ന കാഴ്ച ഇവിടെ കാണാം. വംശനാശഭീഷണി നേരിടുന്നതും ഓമനത്തമുള്ളതുമായ ഈ മാൻ, മണിപ്പുരിൻ്റെ അഭിമാനവും ഈ പാർക്കിൻ്റെ മുഖമുദ്രയായും മാറിയിരിക്കുന്നു.
യുനെസ്കോയുടെ പരിഗണനയിൽ
കെയ്ബുൾ ലംജാവോ നിലവിൽ യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ താൽക്കാലിക പട്ടികയിലാണ്. സമ്പന്നവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതുമായ ഒരു തണ്ണീർത്തട ആവാസവ്യവസ്ഥയാണിവിടെ സൃഷ്ടിക്കുന്നത്. അടിസ്ഥാനപരമായി, ഇത് ആമസോണിൻ്റെ ഇന്ത്യയിലെ ഒഴുകിനടക്കുന്ന പതിപ്പാണ്.
കാട്ടുപന്നി, വെരുക്, കാട്ടുപൂച്ച, ഗോള്ഡന് ക്യാറ്റ് തുടങ്ങിയ സസ്തനികളും മൂർഖൻ, ശംഖുവരയൻ, പെരുമ്പാമ്പ്, നീർക്കോലി തുടങ്ങിയ ഉരഗങ്ങളും കാട്ടുനെല്ല്, ആമ്പൽ മുതൽ ഔഷധസസ്യങ്ങൾ വരെയുള്ള സസ്യങ്ങളും മറ്റനേകം ജീവജാലങ്ങളും കെയ്ബുൾ ലംജാവോയിൽ വസിക്കുന്നു.
ജലവൈദ്യുത പദ്ധതിയും ഫുംഡി കളുടെ പ്രതിസന്ധിയും
1983-ലെ ലോക്തക് ജലവൈദ്യുത പദ്ധതി പ്രകൃതിയുടെ താളം തെറ്റിച്ചു. വർഷം മുഴുവനും ജലനിരപ്പ് കൃത്രിമമായി ഉയർന്നുനിൽക്കുന്നതിനാൽ, ഫുംഡികൾക്ക് പഴയതുപോലെ മുങ്ങിത്താഴ്ന്ന് പോഷകങ്ങൾ ആഗിരണം ചെയ്യാൻ കഴിയുന്നില്ല. ഇതിന്റെ ഫലമോ? സസ്യങ്ങൾ നേർത്തുപോകുന്നു, സംഗായികൾക്ക് നൃത്തം ചെയ്യാനുള്ള വേദി നഷ്ടപ്പെടുമോ എന്ന ഭയവും.ഇംഫാലിൽനിന്ന് 53 കിലോമീറ്റർ ദൂരമുണ്ടെങ്കിലും ഉദ്യാനത്തിലെത്താൻ മനോഹരമായ ഒരു ഡ്രൈവും ബോട്ട് യാത്രയും ഒരുപക്ഷേ ഒഴുകുന്ന സസ്യങ്ങളുടെ മുകളിലൂടെയുള്ള ഒരു ചാട്ടവും വേണ്ടിവന്നേക്കാം. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ ജിരിബാം അല്ലെങ്കിൽ തമെംഗ്ലോങ് ആണ്. നിങ്ങൾക്ക് സെൻഡ്ര ദ്വീപിന് സമീപമുള്ള റിസോർട്ടുകളിൽ താമസിക്കാം. ബഡ്ജറ്റ് കുറവാണെങ്കിൽ ഫോറസ്റ്റ് റെസ്റ്റ് ഹൗസുകൾ ഉണ്ട്.
സൂര്യോദയം, സംഗായ്, ഒരു ബോട്ട് യാത്ര
സംഗായിയെ കാട്ടിൽ കാണണോ? രാവിലെ ആറിനും 10-നും ഇടയിലോ അല്ലെങ്കിൽ വൈകീട്ട് മൂന്നരയ്ക്കും ആറിനും ഇടയിലോ പാർക്കിലെത്തുക. മാനുകളുടെ കൂട്ടം മേയാനായി പുറത്തുവരും. പൂർണമായ അനുഭവത്തിനായി, വർണാഭമായ ജലസസ്യങ്ങളുടെ ഒഴുകുന്ന ഈ ലോകത്തിലൂടെ ഒരു ബോട്ടിൽ യാത്ര ചെയ്യുക. നിങ്ങൾക്ക് ഫുംഡികളിലൂടെ നടക്കാനും കഴിയും.