332 മത്സ്യത്തൊഴിലാളികള്‍ക്ക് വീട്; വാഗ്ദാനം പാലിച്ച് ഇടത് സർക്കാർ

Share our post

തിരുവനന്തപുരം: നാലുവര്‍ഷം മുന്‍പ് ഒരു പാതിരാത്രിയില്‍ കലിയിളകിയ കടല്‍ എടുത്തുകൊണ്ടുപോയതാണ് ഫാത്തിമാ ബീവിയുടെ വീടും സ്വരുക്കൂട്ടിയതൊക്കെയും. പിന്നീട് ബീമാപള്ളി യുപി സ്‌കൂളിലെ ക്യാമ്പായിരുന്നു അവര്‍ക്കു വീട്. ടൈലുകള്‍ പാകിയ പുതിയ വീട്ടില്‍ വ്യാഴാഴ്ച കാലെടുത്തുവെക്കുമ്പോള്‍ അവര്‍ അരക്ഷിതമായ പഴയകാലം മറന്നു.ഫാത്തിമയെപ്പോലെ മുന്നൂറിലേറെ കുടുംബങ്ങള്‍ പുത്തന്‍ വീടിന്റെ ഉടമകളായി. കിടപ്പാടം നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ‘പുനര്‍ഗേഹം’ പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ വെച്ചുനല്‍കിയ 332 ഫ്‌ളാറ്റുകളുടെ താക്കോല്‍ദാനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചത്.വീടുകള്‍ കടലെടുത്തതിനെത്തുടര്‍ന്ന് കിടപ്പാടം നഷ്ടപ്പെട്ട് സ്‌കൂളുകളുടെ വരാന്തകളിലും പൊട്ടിപ്പൊളിഞ്ഞ ഷെഡ്ഡുകളിലും തുറമുഖത്തെ ഗോഡൗണുകളിലും വര്‍ഷങ്ങളോളം ദുരിതജീവിതം നയിച്ച മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് സുരക്ഷിത താമസസ്ഥലങ്ങളിലേക്കെത്തിയത്.

മുട്ടത്തറയിലുള്ള ക്ഷീരവികസന വകുപ്പിന്റെ എട്ടേക്കര്‍ സ്ഥലത്ത് നിര്‍മിച്ച, ആധുനിക സൗകര്യങ്ങളോടുകൂടിയ ‘പ്രത്യാശ’ ഫ്‌ളാറ്റുകളില്‍ ഇനി ഇവര്‍ക്ക് ജീവിതകാലം കഴിച്ചുകൂട്ടാം. വൈദ്യുതി, പൈപ്പ് കണക്ഷനുകളുള്‍പ്പെടെ സജ്ജമാക്കി 81 കോടി രൂപ ചെലവിട്ട് 400 ഫ്‌ളാറ്റ് സമുച്ചയങ്ങളാണ് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നിര്‍മിച്ചത്. ഇതില്‍ പൂര്‍ത്തിയായ ഫ്‌ളാറ്റുകളാണ് കൈമാറിയത്. ഫാത്തിമാ ബീവി (ബീമാപള്ളി), ഐറിസ് സില്‍വസ്റ്റര്‍ (വലിയതുറ), റോസ്ലി ജോണ്‍ (വലിയതുറ), അല്‍ഫോന്‍സിയ അലക്‌സാണ്ടര്‍ (പൂന്തുറ), സാന്ദ്രാ മഹേഷ് (വലിയതുറ) എന്നിവര്‍ക്ക് താക്കോല്‍ കൈമാറിക്കൊണ്ടാണ് മുഖ്യമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്തത്. പറഞ്ഞതിലും നേരത്തേ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥരെയും ഊരാളുങ്കല്‍ സൊസൈറ്റി അധികൃതരെയും മുഖ്യമന്ത്രി ഉപഹാരം നല്‍കി അനുമോദിച്ചു.

മത്സ്യത്തൊഴിലാളികള്‍ക്കായി എന്തുചെയ്താലും മതിയാവില്ല – മുഖ്യമന്ത്രി

തിരുവനന്തപുരം: പാരിസ്ഥിതികാനുമതിയുടെ പേരില്‍ കാലതാമസമുണ്ടാക്കി കേന്ദ്രം സൃഷ്ടിച്ച പ്രതികൂല സാഹചര്യം മറികടന്നാണ് ഈ പദ്ധതി പൂര്‍ത്തീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്രത്തിന്റെ സഹകരണമില്ലാതെ സംസ്ഥാന സര്‍ക്കാരിന്റെ പരിമിതമായ വിഭവശേഷി വെച്ചാണ് ഇക്കാര്യം നിര്‍വഹിച്ചത്. തീരദേശമേഖലയ്ക്കായി സംസ്ഥാനം തയ്യാറാക്കി നല്‍കിയ പാക്കേജിനെയും കേന്ദ്രം പരിഗണിച്ചില്ല. നാടിന്റെ പ്രതിസന്ധിഘട്ടത്തില്‍ ഇടപെട്ട, നമ്മുടെ സ്വന്തം സൈന്യമെന്നു വിശേഷിപ്പിക്കപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കായി എന്തുചെയ്താലും അതു കൂടുതലാവില്ല. തൊഴിലാളിവിഭാഗമെന്ന നിലയ്ക്ക് ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിക്കുന്ന ജനവിഭാഗമാണ് മത്സ്യത്തൊഴിലാളികളെന്നും മുഖ്യമന്ത്രി പറഞ്ഞു.ഈ ഫ്‌ളാറ്റുകളുടെ വിതരണം തടസ്സപ്പെടുത്താന്‍ രണ്ടു ദിവസം മുന്‍പുപോലും ചിലര്‍ കോടതിയെ സമീപിച്ചിരുന്നുവെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികളെ അത്രമാത്രം ഉപദ്രവിക്കാനും ചൂഷണംചെയ്യാനും ശ്രമിക്കുന്നവരാണവര്‍. തൊഴിലാളികള്‍ക്ക് മൊത്തം ഇരുപതിനായിരത്തോളം വീടുകള്‍ നല്‍കിയ മറ്റൊരു സംസ്ഥാനം രാജ്യത്തു വേറെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ വി. ശിവന്‍കുട്ടി, വി.എന്‍. വാസവന്‍, ജെ. ചിഞ്ചുറാണി, ആന്റണി രാജു എംഎല്‍എ, മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാ കളക്ടര്‍ അനുകുമാരി, ഫിഷറീസ് സെക്രട്ടറി അബ്ദുള്‍ നാസര്‍, പാളയം ഇമാം ബി.പി. സുഹൈബ് മൗലവി, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പ് ചീഫ് എന്‍ജിനിയര്‍ മുഹമ്മദ് അന്‍സാരി, കൗണ്‍സിലര്‍ ജെ. സുധീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!