ഒരു ട്രെയിനോ കോച്ചുകളോ മുഴുവനായും ബുക്കുചെയ്യാന്‍ സാധിക്കുമോ, നിരക്ക് എത്ര? അറിയേണ്ടതെല്ലാം

നമ്മുടെ രാജ്യത്തെ സംബന്ധിച്ച് ഒരു റിസർവേഷൻ ട്രെയിൻ ടിക്കറ്റ് കിട്ടുന്നതേ വലിയ വെല്ലുവിളിയാണ്. അതിനിടയിൽ വലിയ ഗ്രൂപ്പുകളുമായാണ് യാത്രയെങ്കിൽ ടിക്കറ്റിന്റെ കാര്യം പറയുകയും വേണ്ട. എന്നാൽ, ഒരുമിച്ച സീറ്റുകൾ ബുക്ക് ചെയ്ത് ട്രെയിൻ യാത്ര തന്നെ ഒരു ഉല്ലാസയാത്രയാക്കി മാറ്റുന്നതിന് ഇന്ത്യൻ റെയിൽവേ അവസരം നൽകുന്നുണ്ട്. ഒരു മുഴുവൻ ട്രെയിനോ ഒരു കോച്ചോ നമുക്ക് ഈ രീതിയിൽ ചാർട്ടർ ചെയ്യാൻ സാധിക്കും. ഐആർസിടിസിയുടെ ഫുൾ താരിഫ് റേറ്റ് (എഫ്‌ടിആർ) സേവനത്തിലൂടെ ഈ രീതിയിൽ എങ്ങിനെ ടിക്കറ്റ് എടുക്കാൻ സാധിക്കുമെന്ന് ഒന്ന് പരിശോധിച്ചാലോ.മുഴുവൻ ട്രെയിൻ അല്ലെങ്കിൽ കോച്ച് എങ്ങനെ ബുക്ക് ചെയ്യാം (IRCTC FTR)
1. എഫ്ടിആർ ഓപ്ഷനുകൾ
മൂന്ന് തരം ചാർട്ടർ സംവിധാനങ്ങളാണ് ഐആർസിടിസി വാഗ്ദാനം ചെയ്യുന്നത്.
റെയിൽവേ കോച്ച് ചാർട്ടർ – ഒരു മുഴുവൻ കോച്ച് ബുക്ക് ചെയ്യാം (18-100 സീറ്റുകൾ)
ട്രെയിൻ ചാർട്ടർ – ഒരു മുഴുവൻ ട്രെയിൻ റിസർവ് ചെയ്യുക (18 മുതൽ 24 വരെ കോച്ചുകൾ)
സലൂൺ ചാർട്ടർ – താമസ സൗകര്യങ്ങളുള്ള ആഡംബര സ്വകാര്യ സലൂണുകൾ
2. ബുക്കിംഗ് വിൻഡോ
ആറ് മാസം മുമ്പാണ് ഈ രീതിയിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരം ആരംഭിക്കുക. 30 ദിവസം മുൻപ് ഈ അവസരം അവസാനിക്കുകയും ചെയ്യും. പരമാവധി 24 കോച്ചുകളാണ് ബുക്ക് ചെയ്യാൻ സാധിക്കുക. രജിസ്ട്രേഷൻ മണി കം സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി 50,000 രൂപ ഓരോ കോച്ചിനും അടയ്ക്കേണ്ടതുണ്ട്. പരമാവധി 24 കോച്ചുകൾ വരെയുള്ള ട്രെയിനുകൾ ചാർട്ടർ ചെയ്യാൻ സാധിക്കും.
3. ഓൺലൈൻ ബുക്കിംഗ്
കോച്ചുകളോ ട്രെയിനോ ചാർച്ചർ ചെയ്യുന്നതിനായി ഐആർസിടിസി എഫ്ടിആർ പോർട്ടൽ വഴി ഓൺലൈനായി (https://www.ftr.irctc.co.in) അപേക്ഷിക്കാം. അതിനായി ആദ്യം നിങ്ങളുടെ അക്കൗണ്ട് രജിസ്റ്റർ ചെയ്യുകയും ഒടിപി വേരിഫിക്കേഷൻ നടത്തുകയും വേണം. അതിന് ശേഷം ആവശ്യമായ സേവനം തിരഞ്ഞെടുക്കാം. തുടർന്ന് യാത്രയുടെ വിശദാംശങ്ങളും യാത്രക്കാരുടെ പട്ടികയും അപ്‌ലോഡ് ചെയ്യുക. ഇതിന് ശേഷമാണ് ഡിപ്പോസിറ്റ് തുക അടയ്ക്കേണ്ടത്.
ട്രെയിൻ പുറപ്പെടുന്ന സ്ഥലും എത്തുന്ന സ്ഥലവും യാത്രയുടെ വിശദാംശങ്ങളിൽ നൽകേണ്ടതുണ്ട്. ഇതിന് പുറമേ യാത്രയുടെ തീയതി, ട്രെയിൻ, കോച്ചുകളുടെ എണ്ണം/തരം എന്നിവയും വ്യക്തമാക്കണം.
4. ഓഫ്ലൈൻ ബുക്കിംഗ്
ഓഫ്ലൈൻ വഴിയാണ് ബുക്ക് ചെയ്യേണ്ടതെങ്കിൽ ട്രെയിൻ പുറപ്പെടുന്ന അല്ലെങ്കിൽ 10 മിനിറ്റ് സ്റ്റോപ്പുള്ള സ്റ്റേഷനുകളിലെ ചീഫ് റിസർവേഷൻ ഓഫീസർ അല്ലെങ്കിൽ സ്റ്റേഷൻ മാനേജരെ സമീപിക്കുക. ഇതിന് ശേഷം ഫോമുകൾ പൂരിപ്പിച്ച് യാത്രയുടേയും യാത്രക്കാരുടേയും വിശദാംശങ്ങളും തിരിച്ചറിയൽ രേഖകളും നൽകുക. ടിക്കറ്റ് നിരക്കും ഡെപ്പോസിറ്റ് അടച്ച് സീറ്റ് ഉറപ്പുവരുത്താം. കല്യാണങ്ങൾ, കോർപ്പറേറ്റ് യാത്രകൾ, തീർഥാടനം മുതലായവയ്ക്ക് ഈ രീതിയിലുള്ള ബുക്കിങ് അനുയോജ്യമാണ്.