കൊട്ടിയൂർ വൈശാഖോത്സവം; വാകയാട് പൊടിക്കളത്തിൽ ദൈവത്തെ കാണൽ നടന്നു

Share our post

പേരാവൂർ: കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രാരംഭ ചടങ്ങായ ‘ദൈവത്തെ കാണൽ ‘ മണത്തണ വാകയാട് പൊടിക്കളത്തിൽ നടന്നു. വെള്ളിയാഴ്ച രാവിലെ നടന്ന ചടങ്ങിന് കൊട്ടിയൂർ ക്ഷേത്രത്തിലെ ഒറ്റപ്പിലാൻ, കാടൻ സ്ഥാനികർ എന്നിവർ നേതൃത്വം നല്കി. കാരണവർ മനങ്ങാടൻ കേളപ്പൻ കാർമികത്വം വഹിച്ച ചടങ്ങിൽ കാടൻ ധാരപ്പൻ, ബാബു എന്നിവർ സഹകാർമ്മികരായി. കൊട്ടിയൂരിന്റെ ഊരാളൻമാരെ സാക്ഷിയാക്കി കുറിച്യസ്ഥാനികൻ പൂജാ വേളയിൽ ദൈവത്തോട് സംസാരിക്കുന്നതും വൈശാഖോത്സവ ഒരുക്കങ്ങൾക്ക് അനുവാദം വാങ്ങുന്നതുമാണ് ചടങ്ങ്. മുൻപ് പൊടിക്കളങ്ങളിൽ ശേഖരിച്ചിരുന്ന ‘നെല്ല്’ വൈശാഖോത്സവ ആവശ്യത്തിലേക്ക് സ്വീകരിച്ചിരുന്നത് ദൈവത്തെ കാണൽ ചടങ്ങോടുകൂടിയായിരുന്നു.

കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ, തലശ്ശേരി മലബാർ ദേവസ്വം ബോർഡ് അസി.കമ്മീഷണർ എൻ.കെ.ബൈജു, പാരമ്പര്യ ട്രസ്റ്റി ആക്കൽ ദാമോദരൻ നായർ, പാരമ്പേര്യതര ട്രസ്റ്റി എൻ.പ്രശാന്ത്, എക്‌സിക്യുട്ടീവ് ഓഫീസർ കെ.ഗോകുൽ, മാനേജർ നാരായണൻ എന്നിവർ സംബന്ധിച്ചു. വൈശാഖോത്സവത്തിന്റെ നാളുകൾ കുറിക്കുന്ന ചടങ്ങായ പ്രക്കൂഴം തിങ്കളാഴ്ച ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ നടക്കും. ക്ഷേത്ര സന്നിധിയിലെ കുത്തോട് മണ്ഡപത്തിലാണ് തീയതി കുറിക്കൽ ചടങ്ങ് നടക്കുക. ജൂൺ എട്ടിന് നെയ്യാട്ടത്തോടെ വൈശാഖോത്സവം ആരംഭിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!