നിടുംപൊയിൽ വനത്തിലും തോടിലും മാലിന്യം തള്ളിയവർക്കെതിരെ വനപാലകർ കേസെടുത്തു; പഞ്ചായത്ത് രണ്ട് ലക്ഷം രൂപ പിഴ ചുമത്തി

നിടുംപൊയിൽ: മാനന്തവാടി ചുരം റോഡിൽ 29-ാം മൈൽരണ്ടാം ഹെയർപിൻ വളവിന് സമീപം വനത്തിലും തോടിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളി.ഒൻപത് ചാക്കുകളിലായാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ രണ്ടിടങ്ങളിലായി നിക്ഷേപിച്ചത്. മാലിന്യം നിക്ഷേപിച്ച നാല് സ്ഥാപനങ്ങളുടെ വിവരം കണിച്ചാർ പഞ്ചായത്തിന് തെളിവുകൾ സഹിതം ലഭിച്ചു. പഴശ്ശി ജലസംഭരണിയിലേക്കുള്ള ജലസ്രോതസ്സിലും കണ്ണവം വനത്തിലും മാലിന്യം നിക്ഷേപിച്ചതിന് എട്ടു കേസുകളിലായി 25000 രൂപ വീതം (ആകെ രണ്ട് ലക്ഷം) കണിച്ചാർ പഞ്ചായത്ത് പിഴ ചുമത്തി. മാലിന്യം നിക്ഷേപിച്ചത് കണ്ടെത്തുകയും തെളിവുകൾ സഹിതം പഞ്ചായത്തിന് വിവരം കൈമാറുകയും ചെയ്ത നിഷാദ് മണത്തണക്ക് ഇരുപതിനായിരം രൂപ പഞ്ചായത്തിന്റെ പാരിതോഷികം ലഭിക്കും. കണിച്ചാർ പഞ്ചായത്ത് ശുചിത്വ വിജിലൻസ് സ്‌ക്വാഡാണ് അന്വേഷണം നടത്തിയത്.
വനത്തിൽ മാലിന്യം തള്ളിയ സംഭവത്തിൽ കൊട്ടിയൂർ റേഞ്ച് വനപാലകർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. വനത്തിൽ അതിക്രമിച്ചു കയറിയതിനും മാലിന്യം തള്ളിയതിനുമാണ് കേസ്. കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി. പ്രസാദിന്റെ നേതൃത്വത്തിൽ കൊട്ടിയൂർ വെസ്റ്റ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സജീവ് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ. വി.ഷിജിൻ, അഖിലേഷ് എന്നിവരാണ് പരിശോധന നടത്തിയത്.