കുടിനീരിന്റെ ‘ശീതള’ഛായ

പയ്യന്നൂർ:കുറഞ്ഞ നിരക്കിൽ ശുദ്ധമായ കുടിവെള്ളം ലക്ഷ്യമിട്ടാണ് വിപണിയിലേക്കുള്ള ‘ശീതള’ത്തിന്റെ വരവ്. പയ്യന്നൂർ നഗരസഭയിലും പരിസരപ്രദേശങ്ങളുമാണ് കുടുംബശ്രീ നേതൃത്വത്തിലുള്ള ‘ശീതളം’ കുടിവെള്ള നിർമാണ യൂണിറ്റിന്റെ പ്രവർത്തന പരിധി. സ്വകാര്യ സ്ഥാപനങ്ങൾ 80 രൂപ ഈടാക്കിയിരുന്ന കാലത്താണ് 30 രൂപയ്ക്ക് ‘ശീതളം’ വിപണിയിലെത്തിയത്. ഇപ്പോൾ 50 രൂപയാണ് 20 ലിറ്റർ ജാറിന്റെ വില. ഏഴാം വർഷത്തിലേക്ക് കടക്കുന്ന ശീതളത്തിന് മൂവായിരത്തോളം കണക്ഷനുകളുണ്ട്. സ്ത്രീകൾക്ക് വരുമാനമാർഗം ലക്ഷ്യമിട്ടാണ് നഗരസഭ കെ വി ലീന, നന്ദ സുരേന്ദ്രൻ, കെ പ്രസീത, പി ദിവ്യ എന്നിവരുടെ നേതൃത്വത്തിൽ ശുദ്ധീകരിച്ച കുടിവെള്ള നിർമാണ യൂണിറ്റ് ആരംഭിച്ചത്. പൊതുവിപണിയിൽ വെള്ളത്തിന് ഈടാക്കുന്ന അമിതവില നിയന്ത്രിക്കാനും ഇതിലൂടെ സാധിച്ചു. 12,37,500 രൂപ ചെലവിൽ നഗരസഭാ ഓഫീസ് വളപ്പിലാണ് പ്ലാന്റ് സ്ഥാപിച്ചത്. 6,73,500 രൂപ നഗരസഭ വിഹിതമായി അനുവദിക്കുകയും ബാക്കി തുക ബാങ്ക് വായ്പയെടുത്തുമാണ് തുടക്കം. വെള്ളം ശാസ്ത്രീയ ക്ലോറിനേഷനുശേഷം റിവേഴ്സ് ഓസ്മോസിസ് സാങ്കേതിക വിദ്യയിലൂടെ പൂർണമായും ശുദ്ധീകരിച്ച ശേഷമാണ് ജാറുകളിൽ നിറക്കുന്നത്. ഒരു മണിക്കൂറിൽ ആയിരം ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ കഴിയുന്നതാണ് പ്ലാന്റ്. സാധാരണ നിലയിൽ 180 ഓളം ജാറുകൾ ഒരു ദിവസം വിതരണംചെയ്യുന്നു. ചൂട് കൂടിയതോടെ കുടിവെള്ളത്തിനും ആവശ്യക്കാരേറി.