കണ്ണൂർ രാജഗിരിയിൽ അടച്ചുപൂട്ടിയ ക്വാറിക്ക് പ്രവർത്തനാനുമതി നൽകി

കണ്ണൂർ: രാജഗിരിയിൽ ജനരോഷത്തെത്തുടർന്ന് അടച്ചുപൂട്ടിയ ക്വാറിക്ക് പ്രവർത്തനാനുമതി നൽകി.കഴിഞ്ഞ ശനിയാഴ്ചയാണു ക്വാറിക്ക് പ്രവർത്തനാനുമതി ലഭിച്ചത്. ഈമാസം 31വരെ പ്രവർത്തിക്കാനുള്ള അനുമതിയാണു ലഭിച്ചത്. ക്വാറി ജനജീവിതത്തിനു ഭീഷണിയാണെന്നും നിയമംലംഘിച്ചാണു പ്രവർത്തിക്കുന്നതെന്നും ചൂണ്ടിക്കാട്ടി രാജഗിരി പൈതൃക സംരക്ഷണ സമിതി കലക്ടർക്ക് പരാതി നൽകിയതിനെത്തുടർന്ന് 7 അംഗ വിദഗ്ധ സമിതിയെ പരിശോധനയ്ക്ക് നിയോഗിച്ചിരുന്നു.സമിതിയുടെ റിപ്പോർട്ടിനെത്തുടർന്നു ക്വാറിയുടെ പ്രവർത്തനം തടഞ്ഞു കലക്ടർ ഉത്തരവിട്ടു. പോരായ്മകൾ പരിഹരിച്ച് അപേക്ഷ നൽകിയാൽ അനുമതി നൽകാമെന്നും സമിതി റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. തുടർന്നു ക്വാറിയിലെ പോരായ്കൾ പരിഹരിച്ചുവെന്നു ചൂണ്ടിക്കാട്ടി ക്വാറിയുടമ വീണ്ടും കലക്ടർക്ക് അപേക്ഷ നൽകി.വിദഗ്ധ സമിതി വീണ്ടും ക്വാറിയിലെത്തി പരിശോധന നടത്തുകയും അനുകൂല റിപ്പോർട്ട് നൽകുകയും ചെയ്യുകയായിരുന്നു. അനുമതി കിട്ടി 4 ദിവസംകൊണ്ട് 937 ടൺ നിർമാണ സാമഗ്രികൾ പുറത്തേക്ക് കൊണ്ടുപോയതായാണു രേഖയിലുള്ളത്. എന്നാൽ 2000 ടണ്ണിലേറെ നിർമാണ സാമഗ്രികൾ ഇവിടെ നിന്നു കൊണ്ടുപോയതായി നാട്ടുകാർ പറയുന്നു. ക്വാറിയിൽനിന്ന് ഒരു വർഷം 50,000 മെട്രിക് ടൺ നിർമാണ സാമഗ്രികൾ കൊണ്ടുപോകാനുള്ള അനുമതിയാണ് ഉള്ളത്.