എഴുപതിലും കതിവന്നൂർ വീരനാകാൻ നാരായണ പെരുവണ്ണാൻ

Share our post

കണ്ണൂർ: കുടിപ്പകയാൽ കുടകർ ഒളിച്ചിരുന്ന് ചതിയിലൂടെ അരിഞ്ഞുവീഴ്തപ്പെട്ട മന്ദപ്പനെന്ന യുവാവാണ് കതിവനൂർ വീരനെന്ന ദൈവക്കരുവായി പീഠവും പ്രതിഷ്ഠയും കോലരൂപവും നേടി ആരാധിക്കപ്പെടുന്നത്. പടയിൽ കുടകരെ മടക്കിയ പോരാളിയുടെ കോലം ധരിക്കുന്നവർക്ക് നല്ല മെയ് മഴക്കവും മനോബലവും കായബലവും അദ്ധ്വാനവും വേണം. എഴുപതാം വയസിൽ ഒരിക്കൽ കൂടി കതിവനൂർ വീരൻ കോലമണിയുകയാണ് രാജ്യം പദ്മശ്രീ നൽകി ആദരിച്ച ഇ.പി. നാരായണ പെരുവണ്ണാൻ
കതിവന്നൂർ വീരൻ തെയ്യത്തിന്റെ ആദ്യസ്ഥാനമായി കരുതുന്ന മട്ടന്നൂരിനടുത്ത കൊടോളിപ്രം ആമേരി പള്ളിയറയിലാണ് ഇന്ന് പുലർച്ചെ നാരായണ പെരുവണ്ണാൻ കോലമണിയുന്നത്. ആമേരി പള്ളിയറയിൽ കതിവന്നൂർ വീരൻ കോലം കെട്ടിയാടിയ കനലാടിയാണ് നാരായണ പെരുവണ്ണാൻ. നാല് വയസ്സിൽ തുടങ്ങിയ തെയ്യാട്ടജീവിതത്തിലെ നേട്ടങ്ങൾ കണക്കാക്കിയാണ് രാജ്യം നാരായണപെരുവണ്ണാന് പദ്മശ്രീ സമ്മാനിച്ചത്. കതിവന്നൂർ വീരൻ തെയ്യം അവതരിപ്പിക്കുന്നതിൽ മികവ് കണക്കിലെടുത്ത് ജയരാജിന്റെ ‘കളിയാട്ടം’ സിനിമയിൽ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നു. മുച്ചിലോട്ട് ഭഗവതി, പുതിയഭഗവതി, നെടുബാലിയൻ ദൈവം,​ തായ്പരദേവത തുടങ്ങി ഒട്ടേറെ തെയ്യങ്ങൾ കെട്ടിയാടിയ പ്രശസ്തിയും ഇദ്ദേഹത്തിനുണ്ട്.

യു.എ.ഇയിലെ അജ്മാനിൽ മാക്കപ്പോതി കെട്ടിയാടിയതിന്റെ പേരിൽ പെരുവണ്ണാന് ചില കാവധികാരികൾ വിലക്ക് ഏർപ്പെടുത്തിയിരുന്നു. പൂർണമായ അനുഷ്ഠാനങ്ങളോടെയാണ് താനും സംഘവും മാക്കപ്പോതി തെയ്യം കെട്ടിയാടിയതെന്നാണ് പെരുവണ്ണാന്റെ വിശദീകരണം.വടക്കെ മലബാറിൽ നിന്നുള്ള ഭക്തരായ പ്രവാസികളാണ് അവിടെ കളിയാട്ടം സംഘടിപ്പിച്ചതെന്നും പണ്ടുകാലം തൊട്ടെ മാക്കപ്പോതിയെ കാവുകൾക്ക് പുറത്ത് വീട്ടുമുറ്റത്തോ വയലുകളിലോ മൈതാനത്തോ പതികെട്ടി കെട്ടിയാടി വരാറുണ്ടെന്നും ഇദ്ദേഹം പറയുന്നു. ഇതൊക്കെ അറിയാവുന്ന ചിലർ തെയ്യം കലകൾക്ക് അളവറ്റ സംഭാവനകൾ നല്കിയ ഒരു കോലധാരിക്ക് വിലക്കേർപ്പെടുത്തിയതിലെ നീതികേടും പൊതുവെ ചർച്ച ചെയ്യപ്പെടുന്നുണ്ട്.ശരീരവും മനസും അനുവദിക്കുന്ന കാലം വരെ കോലമണിയുക എന്നതാണ് കനലാടിമാർ തങ്ങളുടെ തെയ്യാട്ട ജീവിതത്തിൽ അനുവർത്തിച്ചുപോരുന്നത്. അതു തന്നെയാണ് താനും ചെയ്യുന്നത്. എന്നാൽ, എഴുപതാം വയസിൽ ചില സമുദായ സംഘടനകളുടെയും മറ്റും ഇടപെടലുകൾ മൂലം വർഷങ്ങളായി തിരുമുടി അണിഞ്ഞു വരാറുള്ള ആറേഴ് മുച്ചിലോട്ട് കാവുകളിൽ ഈ വർഷം തിരുമുടിയേറ്റാനുള്ള അവസരം നിഷേധിച്ചതിൽ കടുത്ത മാനോവിഷമമുണ്ട്.ഇ.പി. നാരായണ പെരുവണ്ണാൻ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!