പെരുവപ്പുഴയിൽ ഇപ്പോഴുമുണ്ട്, പ്രളയ കാലത്ത് ഒഴുകിവന്ന കൂറ്റൻ മരങ്ങൾ

പെരുവ : കഴിഞ്ഞ പ്രളയ കാലത്ത് ഒഴുകിവന്ന കൂറ്റൻ മരങ്ങൾ ഇപ്പോഴും പെരുവ പുഴയിൽ തന്നെ. നിരവധി മരങ്ങളാണ് പ്രളയകാലത്ത് കടപുഴകിവീണ് പുഴയിൽ വിവിധ ഇടങ്ങളിലായി തങ്ങി നിൽക്കുന്നത്. ആദ്യം നിർമിച്ച പെരുവ കടൽക്കണ്ടം പാലവും പെരുവ പോസ്റ്റ് ഓഫിസ് നടപ്പാലവും തകർന്നത് കൂറ്റൻ മരങ്ങൾ വന്നിടിച്ചാണ്. കണ്ണവം പഴയ പാലത്തിന്റെ കൈവരി തകർന്നതും സമാന രീതിയിലാണ്. കഴിഞ്ഞ പ്രളയത്തിൽ എടയാർ നടപ്പാലം ഒഴുകിപ്പോയതിന്റെ പ്രധാന കാരണം കൂറ്റൻ മരങ്ങൾ വന്നിടിച്ചും അരികിലെ മണ്ണ് ഒഴുകി പോയതിനാലുമാണ്. ഇത്തരത്തിൽ പുഴയിൽ കിടക്കുന്ന മരങ്ങൾ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ ബാധിക്കുന്നുണ്ട്.
മഴക്കാലത്തിനു മുൻപ് മരങ്ങൾ എടുത്തു മാറ്റിയില്ലെങ്കിൽ കടൽക്കണ്ടത്ത് പുതുതായി നിർമിച്ച പാലത്തെയും ബാധിക്കുമോ എന്ന ഭയത്തിലാണ് നാട്ടുകാർ. കൂടാതെ കഴിഞ്ഞ പ്രളയകാലത്ത് എടയാർ റഗുലേറ്റർ കം ബ്രിജിന് സമീപം കൂറ്റൻ മരങ്ങൾ തങ്ങി നിന്ന് പ്രദേശത്ത് മുഴുവൻ വെള്ളം കയറിയിരുന്നു. തുടർന്ന് മണ്ണുമാന്തി യന്ത്രം എത്തിച്ച് എടുത്തു മാറ്റുകയായിരുന്നു. 7 കിലോ മീറ്ററോളം നീളുന്ന ഭാഗത്ത് നിന്ന് ഒഴുകിയെത്തുന്ന മരങ്ങൾ പൂർണമായും തങ്ങി നിൽക്കുന്നത് എടയാറിലാണ്. ഇത് റഗുലേറ്റർ കം ബ്രിജിന്റെ തകർച്ചയ്ക്കും പ്രദേശത്ത് വെള്ളം കയറുന്നതിനും കാരണമാകും. മഴക്കാലത്തിന് മുൻപ് തന്നെ മരങ്ങൾ മുഴുവൻ എടുത്തു മാറ്റുകയും പുഴയിലേക്ക് ചാഞ്ഞ മരങ്ങൾ മുറിച്ചു മാറ്റുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.