ടിക്കറ്റ് നിരക്കിൽ 22 ശതമാനം വരെ ലാഭിക്കാം, വിമാന യാത്രയ്ക്കും ‘നല്ല’ ദിവസം; ഇക്കാര്യങ്ങൾ ഓർത്തുവെച്ചോളൂ

അബുദാബി: വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭിക്കാന്‍ വേണ്ടി പല മാര്‍ഗങ്ങളും സ്വീകരിക്കുന്നവരുണ്ട്. സീസൺ സമയത്ത് വിമാന ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയരുന്നത് പതിവാണ്. ഈ സമയത്തെ നിരക്ക് വര്‍ധനവില്‍ നിന്ന് ഒഴിവാകാനായി നേരത്തെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത് വെക്കുന്നവരാണ് കൂടുതല്‍ ആളുകളും. ഓഫ് സീസൺ സമയങ്ങളില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതും എയര്‍ലൈനുകള്‍ ഓഫറുകള്‍ പ്രഖ്യാപിക്കുമ്പോള്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവരുമുണ്ട്. എന്നാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഒരു നല്ല ദിവസമുണ്ടോ? ഉണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ ദിവസം ടിക്കറ്റ് ബുക്ക് ചെയ്താൽ മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കില്‍ യാത്ര സാധ്യമാകുമെന്നും പറയപ്പെടുന്നു.
ട്രാവൽ ബ്രാന്‍ഡായ ‘എക്സ്പെഡിയ’ പ്രസിദ്ധീകരിച്ച 2025ലെ എയര്‍ ഹാക്സ് റിപ്പോര്‍ട്ട് പ്രകാരം വെള്ളിയാഴ്ചയെ അപേക്ഷിച്ച് ഞായറാഴ്ച വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിലൂടെ യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ശരാശരി 16 ശതമാനം വരെ ലാഭിക്കാം. അതേസമയം വ്യാഴാഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ ഞായറാഴ്ച വിമാനയാത്ര ചെയ്യുന്നവര്‍ക്ക് 16 ശതമാനം നഷ്ടം വരാനും സാധ്യതയുണ്ടെന്ന് എക്സ്പെഡിയയെ ഉദ്ധരിച്ച് ഖലീജ് ടൈംസ് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.