കുടിവെള്ളം മുട്ടിച്ച് വന്യജീവികൾ; ആദിവാസികൾ പുഴയോരത്തേക്ക്

കണിച്ചാർ : കാട്ടാനകളും വന്യജീവികളും കുടിവെള്ളം മുട്ടിക്കുന്നുവെന്ന് ആരോപിച്ച് ആറളം ആദിവാസി സെറ്റിൽമെന്റ് മേഖലയിലെ ഇരുപതിൽ അധികം കുടുംബങ്ങൾ കേളകം, കണിച്ചാർ പഞ്ചായത്തുകളുടെ അതിരിലുള്ള ബാവലി പുഴയോരത്തേക്കു താമസം മാറ്റി. ഒഴിഞ്ഞ പുഴയോരത്തു കുടിൽ കെട്ടിയും ടെന്റുകൾ ഉണ്ടാക്കിയുമാണു താമസം. കാട്ടാനകളുടെയും മറ്റു വന്യജീവികളുടെയും ശല്യം കാരണം കുടിവെള്ളമെടുക്കാൻ പോലും ഫാമിലെ വീടുകളിൽനിന്നു പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് ഇവർ പറയുന്നു. ഇപ്പോൾ വന്യജീവിശല്യമില്ലെന്നും കുടിവെള്ളം ലഭിക്കുന്നുണ്ടെന്നും ആദിവാസികൾ പറയുന്നു. ചിലർ കുടിൽ പോലും കെട്ടാതെയാണു പുഴയോരത്തു താമസിക്കുന്നത്.
മിക്കവരും ഫാമിൽ ഒരേക്കർ സ്ഥലവും വീടുമുള്ളവരാണ്. ചിലർ വളയംചാൽ കോളനിയിൽനിന്ന് എത്തിയവരാണ്. ഇവർ പുഴക്കരയിൽ താമസിക്കുന്നതിൽ ആരോഗ്യ വകുപ്പ് എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്. ശുചിമുറി സൗകര്യമില്ലാത്തതിനാൽ പുഴയിലെ വെള്ളം മലിനമാകുന്നുവെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ശുചിത്വം മുൻനിർത്തി നാട്ടുകാരും എതിർപ്പ് പ്രകടമാക്കിയിട്ടുണ്ട്. എല്ലാ വേനൽ കാലത്തും ഇവർ പുഴയോരത്ത് എത്താറുണ്ടെന്നും നാട്ടുകാർ പറയുന്നു. ഫാമിലുള്ള ഇവരുടെ വീടുകളിൽ വെള്ളമെത്തിക്കുന്നതിനു സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേളകം പഞ്ചായത്തംഗം ജോണി പാമ്പാടിയിൽ ആവശ്യപ്പെട്ടു.