ലഡു ഉണ്ടോ ലഡു…; 1001 രൂപ വെറുതേ കിട്ടും! ഒരു ഗൂഗിൾ പേ അപാരത, സോഷ്യൽ മീഡിയയിൽ വൈറല്‍

Share our post

ലഡു ഉണ്ടോ ലഡു…ഗൂഗിൾ പേ യൂസർമാരെല്ലാം ഇപ്പോൾ ലഡു തപ്പി നടപ്പാണ്. വാട്സാപ്പിലും ഇൻസ്റ്റഗ്രാം ചാറ്റിലും ലഡു ചോദിച്ചു നടക്കുന്നവർ നിരവധി. കളർ ലഡു, ഫുഡ്ഡി ലഡു, ഡിസ്കോ ലഡു, ദോസ്തി ലഡു, ട്വിങ്കിൾ ലഡു, പിന്നെ ട്രെൻഡി ലഡുവും. ആറെണ്ണവും കിട്ടിയാൽ സമ്മാനം. 51 രൂപ മുതൽ 1001 രൂപ വരെ സമ്മാനം എന്നാണ് ഗൂഗിൾ പേ പറയുന്നത്.ഒക്ടോബർ 21 മുതൽ നവംബർ 7 വരെ ആണ് മത്സരം. കൂട്ടുകാർക്ക് പൈസ അയച്ചും തിരിച്ചു വാങ്ങിയും, മൊബൈൽ റീചാർജ്ജ് ചെയ്തും, സാധനം വാങ്ങുമ്പോൾ ഗൂഗിൾ പേ വഴി പൈസ കൊടുത്തും ഒക്കെ ലഡു നേടാം. ലഡു അയച്ചു കൊടുത്താലും കിട്ടും ഓരോ ബോണസ് ലഡു.ആദ്യത്തെ രണ്ട് ലഡുകൾ ഇഷ്ടം പോലെ കിട്ടാനുണ്ട്. ബാക്കി ഉള്ളവ കിട്ടാന്‍ പിന്നെ അലച്ചിലായി. ട്വിങ്കിൾ ലഡു ആണ് കിട്ടാൻ ഏറ്റവും ബുദ്ധിമുട്ടെന്ന് ലഡു അന്വേഷകര്‍ പറയുന്നു. ആളെ അന്വേഷിച്ചു നടക്കുകയാണ് ഇപ്പൊ എല്ലാവരും.

എക്‌സ് എന്ന പഴയ ട്വിറ്ററിൽ സംഗതി ട്രെൻഡിങാണ്. ഇൻസ്റ്റ കമന്റ് ബോക്സുകളിലും ഫേസ്‌ബുക്കിലും ട്വിങ്കിൾ ലഡു ഉണ്ടോ..ഉണ്ടോ.. എന്ന് ചോദിച്ച് ആളുകൾ തിരക്ക് കൂട്ടുന്നു.ഈ ബഹളത്തിന്റെ ഇടയിൽ ട്വിങ്കിൾ ലഡു മാത്രം കിട്ടിയ ഒരു ന്യൂനപക്ഷവുമുണ്ട്. 51 മുതൽ 1001 വരെ സമ്മാനത്തുക എന്ന് ഗൂഗിൾ പേ പറയുമ്പോഴും ഒരു രൂപ മാത്രം കിട്ടി എന്ന് പറയുന്നവരും ഏറെയാണ്. സംഗതി ഗൂഗിൾ പേയിൽ ആളെ കേറ്റാൻ ഉള്ള തന്ത്രമാണ്. ഇമ്മാതിരി മത്സരങ്ങൾ ഗൂഗിൾ പേ ഇതിന് മുമ്പും കുറെ നടത്തിയിട്ടുണ്ട്. പറഞ്ഞു വരുമ്പോൾ തമാശ ആണെങ്കിലും നിലവിലെ സാമ്പത്തിക സ്ഥിതിയിൽ ഈ പൈസ എങ്കിലും കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ സമൂഹത്തിൽ ഉണ്ട്. അവരുടെ നിസഹായത കൂടിയാണ് ഈ മത്സരത്തിൽ വിജയ കാരണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!