‘എന്റെ ഭൂമി’ പോര്‍ട്ടല്‍ ഇന്നുമുതല്‍; ഭൂമി രജിസ്‌ട്രേഷന്‍, പോക്കുവരവ് തുടങ്ങിയ സേവനങ്ങള്‍ ഒരു കുടക്കീഴില്‍  

Share our post

തിരുവനന്തപുരം: ഭൂമി സംബന്ധമായ സേവനങ്ങളെല്ലാം ഒരു കുടക്കീഴിലാക്കുന്ന എന്റെ ഭൂമി പോര്‍ട്ടല്‍ ഇന്നു നിലവില്‍ വരും. റവന്യു, സര്‍വെ, രജിസ്ട്രേഷന്‍ സംയോജിത ഡിജിറ്റല്‍ പോര്‍ട്ടല്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ.രാജന്‍ ചടങ്ങില്‍ അധ്യക്ഷനാകും. ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന ലക്ഷ്യവുമായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആരംഭിക്കുന്നത്.ഭൂമി കൈമാറ്റം, ഭൂമി രജിസ്റ്റർ ചെയ്യാൻ ടെംപ്ലേറ്റ് സംവിധാനം, പ്രീ മ്യൂട്ടേഷൻ സ്കെച്ച്, ബാധ്യതാ സർട്ടിഫിക്കറ്റ്, നികുതി അടവ്, ന്യായവില നിർണയം, ഓട്ടോ മ്യൂട്ടേഷൻ, ലൊക്കേഷൻ സ്കെച്ച്, ഭൂമി തരംമാറ്റം തുടങ്ങി നിരവധി സേവനങ്ങൾ പോർട്ടൽ വഴി ലഭിക്കും.

റവന്യൂ, രജിസ്ട്രേഷൻ, സർവേ വകുപ്പുകൾ ചേർന്നാണ്‌ സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനം നടപ്പാക്കുന്നത്‌. രാജ്യത്ത്‌ ഇത്തരത്തിലുള്ള ആദ്യത്തെ ഡിജിറ്റൽ സംവിധാനമാണിത്.ഓഫീസ്‌ സന്ദർശിക്കാതെതന്നെ ഭൂമി ഇടപാടുകളിൽ കാര്യക്ഷമതയും വേഗവും വർധിപ്പിക്കാനാകും. സേവനങ്ങൾക്ക്‌ സുതാര്യതയും സുരക്ഷയും ഉറപ്പാക്കും. ഭൂരേഖകൾക്ക് ആധുനിക സാങ്കേതിക വിദ്യകളുടെ പൂർണ സംരക്ഷണം ലഭിക്കും. ഭൂരേഖാ വിവരങ്ങളുടെ നിരന്തരവും കൃത്യവുമായ പുതുക്കലുകളിലൂടെ ഇന്റഗ്രേറ്റഡ് ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റം ഭൂരേഖാ പരിപാലനത്തെ സമഗ്രമായി മാറ്റും. കാസർകോട്‌ ഉജ്ജാർ ഉൾവാർ വില്ലേജിൽ തുടക്കം കുറിക്കുന്ന ‘എന്റെ ഭൂമി’ പോർട്ടൽ മൂന്ന് മാസത്തിനകം ഡിജിറ്റൽ സർവേ പൂർത്തിയായ 212 വില്ലേജുകളിലും ലഭ്യമാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!