അനധികൃത നിയമനം ; പേരാവൂർ താലൂക്കാസ്പത്രി മുൻ സൂപ്രണ്ടിനെതിരെ അന്വേഷണത്തിന് ഉത്തരവ്

പേരാവൂർ: താലൂക്ക് ആസ്പത്രിയിൽ 2015-2016 കാലയളവിൽ സൂപ്രണ്ടിന്റെ അധിക ചുമതല വഹിച്ചിരുന്ന ഡോ.പി.പി.രവീന്ദ്രനെതിരെ അന്വേഷണത്തിന് വകുപ്പ് തല ഉത്തരവ്. ഇ.സി.ജി. ടെക്നീഷ്യൻ തസ്തികയിൽ യോഗ്യത ഇല്ലാത്ത വ്യക്തിക്ക് നിയമനം നൽകിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ അന്വേഷണം നടത്തുന്നതിനാണ് ആരോഗ്യ വകുപ്പ് വിജിലൻസ് അഡീഷണൽ ഡയറക്ടറെ നിയമിച്ച് ഉത്തരവിറങ്ങിയത്.ഡോ.പി.പി.രവീന്ദ്രനെതിരെ കെ.എസ്.ആർ ഭാഗം (മൂന്ന്) ചട്ടം 59(ഡി ) പ്രകാരം മുൻപ് അച്ചടക്ക നടപടി ആരംഭിക്കുകയും കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. നോട്ടീസിന് ഡോ.പി.പി.രവീന്ദ്രൻ സമർപ്പിച്ച മറുപടി തൃപ്തികരമല്ലാത്തതിനാലാണ് അച്ചടക്ക നടപടി തുടരുന്നതിന് സർക്കാർ തീരുമാനിച്ചത്. രണ്ട് മാസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് ജോ. സെക്രട്ടറി ചിത്ര.കെ.ദിവാകരൻ നൽകിയ ഉത്തരവിൽ പറയുന്നു.