പച്ചക്കറി വിപണിവിലയിൽ കർഷകർക്കു ലഭിക്കുന്നത് 40 ശതമാനത്തിൽ താഴെ

മുംബൈ: പഴം, പച്ചക്കറി ഉത്പന്നങ്ങൾക്ക് ഉപഭോക്താക്കൾ വിപണിയിൽ നൽകുന്ന വിലയുടെ 40 ശതമാനത്തിൽതാഴെ തുക മാത്രമാണ് കർഷകർക്കു ലഭിക്കുന്നതെന്ന് റിസർവ് ബാങ്കിന്റെ പ്രവർത്തനറിപ്പോർട്ട്. ഇടനിലക്കാരും ചില്ലറ വിൽപ്പനക്കാരുമാണ് ബാക്കി 60 ശതമാനം തുകയും സ്വന്തമാക്കുന്നത്. വിലക്കയറ്റം രൂക്ഷമായിരിക്കുമ്പോഴും കർഷകരുടെ പേരിൽ ഇവർ ലാഭമെടുക്കുകയാണെന്ന് റിപ്പോർട്ട് പറയുന്നു.
പണപ്പെരുപ്പം വിപണിയിലുണ്ടാക്കുന്ന ചലനങ്ങൾ വിലയിരുത്തി ആർ.ബി.ഐയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കോണമി ആൻഡ് പോളിസി റിസർച്ചാണ് പ്രവർത്തനരേഖ തയ്യാറാക്കിയത്. റിപ്പോർട്ടിലെ അഭിപ്രായങ്ങൾ ആർ.ബി.ഐയുടേതല്ലെന്നും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്.
വാഴപ്പഴം, മുന്തിരി, മാമ്പഴം, അവശ്യ പച്ചക്കറികളായ തക്കാളി, സവാള, ഉരുളക്കിഴങ്ങ് ഇവയുടെ വിലയിൽ തുച്ഛമായ തുകമാത്രമാണ് കർഷകർക്കു നേരിട്ടു ലഭിക്കുന്നത്. അതേസമയം, ക്ഷീര-പൗൾട്രി കൃഷികളിൽ കർഷകർക്ക് ന്യായമായ വിഹിതം ലഭിക്കുന്നുമുണ്ട്. പയർവർഗങ്ങളുടെ കൃഷിയിലും ഭേദപ്പെട്ട നിലയിൽ വില ലഭ്യമാകുന്നുവെന്ന് ഇതിൽ ചൂണ്ടിക്കാട്ടുന്നു. ക്ഷീരമേഖലയിൽ ഉപഭോക്തൃവിലയുടെ 70 ശതമാനം വരെയും മുട്ടക്കൃഷിയിൽ 75 ശതമാനംവരെയും തുക കർഷകർക്കു ലഭിക്കുന്നുണ്ട്. ഇറച്ചിക്കോഴി കൃഷിയിലിത് 56 ശതമാനംവരെയാണ്.
വാഴപ്പഴം ഉത്പാദിപ്പിക്കുന്ന കർഷകന് വിപണിവിലയുടെ 31 ശതമാനം തുക മാത്രമാണ് ലഭിക്കുന്നത്. മുന്തിരിക്കിത് 35 ശതമാനവും മാമ്പഴത്തിന് 43 ശതമാനവുമാണ്. തക്കാളിവിലയിൽ 33 ശതമാനം തുക മാത്രമാണ് കർഷകരുടെ കൈകളിലേക്കെത്തുക. ഉള്ളിവിലയിലിത് 36 ശതമാനവും ഉരുളക്കിഴങ്ങിൽ 37 ശതമാനവുമാണ്.
പരിഹാരം, പോംവഴി
വിപണിയുടെ കാര്യക്ഷമത ഉറപ്പാക്കാൻ ദേശീയതലത്തിൽ ഓൺലൈൻ നാഷണൽ അഗ്രിക്കൾച്ചറൽ വിപണികൾ (ഇ- നാം) കൊണ്ടുവരണം. ഇത് വിപണനത്തിലെ ഇപ്പോഴുള്ള പോരായ്മകൾ പരിഹരിക്കാൻ സഹായകരമാകും. കർഷകർക്ക് ലഭിക്കുന്ന വിലവിഹിതം ഉയരാനും ഉപഭോക്താക്കൾക്ക് കുറഞ്ഞവിലയിൽ ഉത്പന്നം ലഭ്യമാക്കാനും ഇതുപകരിക്കും. കർഷകരുടെ നേതൃത്വത്തിൽ കൂടുതൽ കാർഷികോത്പന്നസംഘടനകൾ ഉയർന്നുവരേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഉള്ളിപോലുള്ള ഉത്പന്നങ്ങൾക്ക് അവധിവ്യാപാരം കൊണ്ടുവരുന്നത് മികച്ചവില ലഭിക്കാൻ സഹായിക്കുമെന്നും റിപ്പോർട്ട് പറയുന്നു.