തിരുവനന്തപുരത്ത് രണ്ട് പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം

Share our post

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് പേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥിക്കൊപ്പം കുളത്തില്‍ കുളിച്ചവരാണിവര്‍. ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം മൂന്നായി. മൂന്ന് പേരും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.ഉത്രാട ദിനത്തിൽ കുട്ടികള്‍ വീടിന് സമീപമുള്ള കുളത്തില്‍ കുളിച്ചിരുന്നു. തുടര്‍ന്ന് രോഗലക്ഷണങ്ങള്‍ കണ്ടതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഇതിനിടെയാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് രണ്ട് മാസത്തിനിടെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചവരുടെ എണ്ണം 14 ആയി.

സെപ്റ്റംബര്‍ തുടക്കത്തില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് തിരുവനന്തപുരത്ത് ഒരാള്‍ മരിച്ചിരുന്നു. രോഗലക്ഷണങ്ങളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പത്തോളം പേര്‍ രോഗമുക്തി നേടുകയും ചെയ്തിരുന്നു. തുടക്കത്തില്‍ തന്നെ രോഗം കണ്ടെത്തുകയും മില്‍ട്ടിഫോസില്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ എത്തിച്ച് ഫലപ്രദമായ ചികിത്സ നല്‍കുകയും ചെയ്തതോടെയാണ് രോഗമുക്തി സാധ്യമായത്.കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജലസ്രോതസുകളില്‍ നിന്ന് ശരീരത്തില്‍ കടക്കുന്ന നെഗ്ലേറിയ ഫൗലോമി എന്ന അമീബയാണ് രോഗത്തിന് കാരണമാകുന്നത്. കുളത്തില്‍ കുളിക്കുമ്പോഴും മറ്റും മൂക്കിലെ കട്ടികുറഞ്ഞ തൊലിയിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന അമീബ പതിയെ തലച്ചോറിനെ ബാധിക്കുന്ന ജ്വരമായി മാറുന്നു. മരണസാധ്യത ഏറെയുള്ള രോഗാവസ്ഥയാണിത്. കൃത്യമായ ചികിത്സ നല്‍കിയാല്‍ രോഗിയെ ജീവിതത്തിലേയ്ക്ക് തിരികെയെത്തിക്കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!