’ലൈഫ് ’ ഗുണഭോക്താവ് ജീവനൊടുക്കിയ സംഭവം; വിവിധ വകുപ്പുകൾ അന്വേഷണം തുടങ്ങി

ചേർത്തല(ആലപ്പുഴ): വീടിനു നിർമാണാനുമതി കിട്ടാത്തതിനെത്തുടർന്ന് ലൈഫ് ഭവനപദ്ധതി ഗുണഭോക്താവ് ജീവനൊടുക്കിയ സംഭവത്തിൽ പോലീസിനു പുറമേ വിവിധ വകുപ്പുകളും അന്വേഷണം തുടങ്ങി. പോലീസ് പട്ടണക്കാട് ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ പ്രാഥമിക പരിശോധന നടത്തി.മരിച്ച സിദ്ധാർഥനും ഭാര്യയും ഓണത്തിനു മുൻപ് പഞ്ചായത്ത് ഓഫീസിലെത്തിയിരുന്നോയെന്ന് ഉറപ്പിക്കാനായിരുന്നു പരിശോധന. ആരോപണ വിധേയരായവർ ചൊവ്വാഴ്ച പട്ടണക്കാട് സ്റ്റേഷനിൽ ഹാജരാകണമെന്നും നിർദേശിച്ചിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി പട്ടണക്കാട് ഗ്രാമപ്പഞ്ചായത്ത് സബ് കമ്മിറ്റിക്കു രൂപം നൽകിയിട്ടുണ്ട്. ആരോപണ വിധേയരായ വി.ഇ.ഒ. മാരിൽനിന്ന് കമ്മിറ്റി വിശദീകരണം തേടി. അടുത്ത പഞ്ചായത്തു കമ്മിറ്റിയിൽ വിഷയം ചർച്ചചെയ്ത് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് ടി.എസ്. ജാസ്മിൻ പറഞ്ഞു.ലൈഫ് മിഷൻ അധികൃതരും പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥരും ആരോപണവിധേയരിൽനിന്ന് വിശദീകരണം തേടി. ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ, പഞ്ചായത്ത് ജോയിന്റ് ഡയറക്ടർക്ക് പ്രാഥമിക റിപ്പോർട്ടും നൽകി. ഓഗസ്റ്റ് 12-ന് സിദ്ധാർഥനു വീടനുവദിച്ച് കരാറിലേർപ്പെട്ടതായാണ് കണ്ടെത്തിയിരിക്കുന്നത്.
പട്ടണക്കാട് ഗ്രാമപ്പഞ്ചായത്ത് 11-ാം വാർഡ് മേനാശ്ശേരി ചൂപ്രത്ത് സിദ്ധാർഥൻ (74) കഴിഞ്ഞ 18-നാണു തൂങ്ങിമരിച്ചത്. ലൈഫ് ഭവനപദ്ധതിയുമായി ബന്ധപ്പെട്ട രണ്ട് ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടർന്നാണ് അത്മഹത്യയെന്നുകാട്ടി ഭാര്യ ജഗദമ്മ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിലും ഉദ്യോഗസ്ഥനിലപാട് മനോവേദനയുണ്ടാക്കിയതായി സൂചനയുണ്ടായിരുന്നു.ആരോപണവിധേയരായ ഉദ്യോഗസ്ഥർക്കെതിരേ ജനപ്രതിനിധികളും പദ്ധതി ഗുണഭോക്താക്കളും പരാതികളുമായി രംഗത്തുവന്നിട്ടുണ്ട്.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)