മെഡിക്കൽ പ്രവേശനം: ഫീസിൽ തീരുമാനമായില്ല

Share our post

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.എസ്. പ്രവേശനത്തിനുള്ള എൻ.ആർ.ഐ. ക്വാട്ടയിലേക്ക് ഓപ്ഷൻ നൽകാൻ കൂടുതൽസമയം വേണമെന്ന ആവശ്യവുമായി വിദ്യാർഥികൾ. ബി.പി.എൽ. വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകാനായി എൻ.ആർ.ഐ. വിദ്യാർഥികളിൽനിന്ന് ഉയർന്ന ഫീസ് ഈടാക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നതിനാലാണ് പ്രവേശനസമയക്രമം പുതുക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെടുന്നത്.

എൻ.ആർ.ഐ. ക്വാട്ടാ സീറ്റുകളിൽ കോർപ്പസ് ഫണ്ട് അടക്കം 20,86,400 രൂപയാണ് വാർഷികഫീസായി കഴിഞ്ഞവർഷം നിശ്ചയിച്ചിരുന്നത്. ഇക്കൊല്ലത്തെ ഫീസ് നിർണയം പൂർത്തിയാകാത്തതിനാൽ കഴിഞ്ഞവർഷത്തെ ഫീസ് ഉപാധികളോടെ വാങ്ങാം. ഈ തുകയിൽനിന്ന് അഞ്ചുലക്ഷം രൂപ കോർപ്പസ് ഫണ്ടിലേക്ക് സർക്കാരാണ് വാങ്ങിസൂക്ഷിക്കുന്നത്.

ഈ തുക ഉപയോഗിച്ച് ബി.പി.എൽ. വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകുകയാണ് ലക്ഷ്യം. ബാക്കിത്തുകയാണ് ആദ്യവർഷം സ്വാശ്രയകോളേജുകളിൽ അടയ്ക്കേണ്ടത്.എന്നാൽ, ഓരോ കോളേജിലെയും 15 ശതമാനം വരുന്ന എൻ.ആർ.ഐ. വിദ്യാർഥികളിൽനിന്ന്‌ അഞ്ചുലക്ഷംവീതം അധികഫീസ് വാങ്ങി ബി.പി.എൽ. സ്കോളർഷിപ്പ് നൽകുന്നതിനെതിരേ രക്ഷിതാക്കൾ കോടതിയെ സമീപിച്ചിട്ടുണ്ട്. 2018 മുതലുള്ള കേസുകൾ സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും പരിഗണനയിലാണ്.

ഫീസ് നിർണയസമിതി നിശ്ചയിച്ചിട്ടുള്ള തുകമുഴുവൻ എൻ.ആർ.ഐ. ഫീസായി അനുവദിക്കണമെന്നാവശ്യപ്പെട്ട് മാനേജ്‌മെന്റുകളും കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസുകളുടെ തീർപ്പനുസരിച്ചുമാത്രം ഇക്കൊല്ലം എൻ.ആർ.എ. വിദ്യാർഥികളിൽനിന്ന് കോർപ്പസ് ഫണ്ടിലേക്കുള്ള തുക വാങ്ങിയാൽ മതിയെന്നാണ് സർക്കാർനിർദേശം. എൻ.ആർ.ഐ. ക്വാട്ടാ സീറ്റുകളിൽ ഓപ്ഷൻ നൽകുന്നതിനുള്ള സമയക്രമം പരിഷ്കരിക്കണമെന്ന ആവശ്യവുമായി മാനേജ്‌മെന്റ് അസോസിയേഷനും പ്രവേശനപരീക്ഷാകമ്മിഷണറെ സമീപിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!