സ്വാതന്ത്ര്യദിനത്തിന് രാജ്ഭവനിൽ സൽക്കാര പരിപാടികളില്ല, തീരുമാനം മുണ്ടക്കൈ ദുരന്തപശ്ചാത്തലത്തിൽ
തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് രാജ്ഭവനിൽ നടത്താറുള്ള സല്‍ക്കാര പരിപാടിയായ ‘അറ്റ് ഹോം’ വേണ്ടെന്നു വച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാ വർഷവും ഓഗസ്റ്റ് 15-ന് വൈകിട്ടാണ് ‘അറ്റ് ഹോം’ പരിപാടി നടത്താറുള്ളത്. വയനാട് ജില്ലയിലെ സാഹചര്യം പരിഗണിച്ചാണ് തീരുമാനമെന്ന് രാജ്ഭവൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഞ്ച് ലക്ഷം രൂപ സംഭാവന നൽകി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഒരു ലക്ഷം രൂപയും നൽകി. വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരെ സഹായിക്കാൻ കോതമംഗലം മാർ തോമാ ചെറിയപള്ളിയിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു 10 ലക്ഷം രൂപ നൽകി. വികാരി ഫാ. ജോസ് പരത്തൂവയലിലും പള്ളി ഭാരവാഹികളും ചേർന്നു മന്ത്രി പി .രാജീവിന് തുക കൈമാറി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടൻ പ്രഭാസ് രണ്ട് കോടി രൂപ സംഭാവന നൽകി. കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചതെന്നും ഈ സാഹചര്യത്തിൽ എല്ലാവരും കേരളത്തിനൊപ്പം നിലകൊള്ളണമെന്നും പ്രഭാസ് പറഞ്ഞു. മുൻപ് പ്രളയ കാലത്തും പ്രഭാസ് കേരളത്തിന് സാമ്പത്തിക പിന്തുണ നൽകിയിരുന്നു.ജൂലൈ 30 ന് പുലർച്ചെയാണ് മുണ്ടക്കൈയിൽ ഉരുൾപൊട്ടലുണ്ടായത്. ദുരന്തത്തില്‍ ഇനിയും കണ്ടെത്താനുള്ളവരുടെ പട്ടിക ജില്ലാ ഭരണകൂടം തയ്യാറാക്കി. 138 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. പൊതുജനങ്ങള്‍ വിവരം നല്‍കുന്നതിനനുസരിച്ച് പട്ടികയിലെ വിശദാംശങ്ങള്‍ പരിഷ്കരിക്കും. 8078409770 എന്ന നമ്പറില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാം. പുഞ്ചിരി മറ്റം, മുണ്ടക്കൈ, വെള്ളാർ മല, ചൂരൽമല തുടങ്ങിയ സ്ഥലങ്ങളിലെ റേഷൻ കാർഡിന്റെ വിവരങ്ങളും, സമീപത്തെ സ്കൂളുകളിൽ നിന്ന് രജിസ്റ്റർ പരിശോധിച്ച് വിവരങ്ങൾ ശേഖരിച്ചുമാണ് പട്ടിക തയ്യാറാക്കിയത്. നിലവിൽ തിരിച്ചറിയാത്ത 44 മൃതദേഹങ്ങളും 176 ശരീരഭാഗങ്ങളും ഇതുവരെ സംസ്കരിച്ചിട്ടുണ്ട്. ഇവയുടെയെല്ലാം ഡി.എൻ.എ വിവരങ്ങളും ശേഖരിച്ചു വച്ചിട്ടുണ്ട്. കാണാതായവർക്ക് വേണ്ടി ഇന്നും തിരച്ചിൽ തുടരുന്നുണ്ട്.
