മുത്തങ്ങയിൽ ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന

കൽപ്പറ്റ : മുത്തങ്ങയിൽ ബൈക്ക് യാത്രക്കാർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. കാട്ടാനയുടെ മുന്നിൽപ്പെട്ട യാത്രക്കാർ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപെടുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.
കോഴിക്കോട്- മൈസൂരു പാതയിൽ വ്യാഴാഴ്‌ച വൈകീട്ടായിരുന്നു സംഭവം. തമിഴ്‌നാട് സ്വദേശികളാണ് ആനയുടെ മുന്നിൽപ്പെട്ടത്. കാട്ടാന മുന്നോട്ടേക്ക് വന്നതോടെ ഇവർ ബൈക്ക് ഉപേക്ഷിച്ച് ഓടുകയായിരുന്നു. പ്രത്യേകിച്ച് പ്രകോപനം ഒന്നുമില്ലാതെ യാത്രക്കാർക്ക് നേരെ ആന പാഞ്ഞടുക്കുകയായിരുന്നു. ഓടുന്നതിനിടയിൽ ഇവരിൽ ഒരാൾ വീഴുന്നതും ദൃശ്യങ്ങളിലുണ്ട്.
തൊട്ടുപിന്നിലുണ്ടായ കാർ യാത്രക്കാരാണ് സംഭവത്തിന്റെ വീഡിയോ പകർത്തിയത്. റോഡിൻ്റെ ഇരുവശങ്ങളിലുമായി രണ്ട് കാട്ടാനകളുള്ളതും ദൃശ്യങ്ങളിൽ കാണാം.