അസൈൻമെന്റ് എഴുതാൻ തയ്യാറാണോ, നേടാം ആഴ്‌ചയിൽ പതിനായിരത്തിലേറെ: തട്ടിപ്പിന്റെ പുതിയ രീതി

കൊച്ചി :വിദ്യാർഥികൾക്ക് അസൈൻമെന്റ് എഴുതി നൽകി സഹായിക്കാൻ നിങ്ങൾ തയ്യാറാണോ? നല്ല കൈയക്ഷരത്തിൽ അസൈൻമെന്റ് എഴുതി അയച്ചുതരിക. വെറുതേ വേണ്ട, ആഴ്‌ചയിൽ പതിനായിരത്തിലേറെ രൂപ ശമ്പളം. സമൂഹമാധ്യമങ്ങളിൽ ഇത്തരം സന്ദേശമോ പോസ്‌റ്റുകളോ കണ്ടാൽ വായിച്ച് സമയം കളയേണ്ട, സൈബർ തട്ടിപ്പുസംഘമാണ് പിന്നിൽ. ഇത്തരം തട്ടിപ്പിൽ കുടുങ്ങുന്നവരുടെ എണ്ണം വർധിച്ചതായി സൈബർ സുരക്ഷാവിദഗ്‌ധൻ ജിയാസ് ജമാൽ പറയുന്നു. സന്ദേശങ്ങളിലെ നമ്പറിൽ ബന്ധപ്പെട്ടാൽ വിവരങ്ങൾ വാട്സാപ്പിൽ വരും. ഫോൺ ചെയ്‌താൽ ഇംഗ്ലീഷിലായിരിക്കും സംസാരം. കോളേജ്, സ്‌കൂൾ വിദ്യാർഥികൾക്കുവേണ്ടി അസൈൻമെന്റുകൾ തയ്യാറാക്കി നൽകുന്ന കമ്പനിയെന്നാകും വിശദീകരണം. കമ്പനിയിൽ ജോലി ലഭിക്കാൻ 1500–-2000 വരെയുള്ള തുക ഏതെങ്കിലും പേമെന്റ് ആപ് വഴി അയച്ച് രജിസ്‌റ്റർ ചെയ്യണം.
അസൈൻമെന്റ് എഴുതേണ്ട ബുക്ക് കൊറിയർ ചെയ്യുമെന്ന് വാട്‌സാപ്പിൽ അറിയിക്കും. ബുക്കിന്റെ 70–-80 പേജുകളാണ് എ ഫോർ വലിപ്പമുള്ള പേപ്പറിൽ പകർത്തി എഴുതി അയക്കേണ്ടത്. പേജിന്റെ ഇരുവശവും പകർത്തി എഴുതി ഏഴ് ദിവസത്തിനുള്ളിൽ തിരികെ ലഭിക്കണമെന്നും സന്ദേശത്തിലുണ്ടാകും. ഇത്തരത്തിൽ രണ്ടുതവണ അയച്ചുകൊടുത്താൽ ശമ്പളത്തിനുപുറമെ രജിസ്‌ട്രേഷൻ ഫീസും തിരികെ ലഭിക്കുമെന്ന ഉറപ്പും. എന്നാൽ, പണമടച്ച് രണ്ടുതവണ അസൈൻമെന്റുകൾ അയച്ചുകൊടുത്താൽ കാത്തിരിപ്പ് മാത്രമാകും മെച്ചം. വാഗ്‌ദാനം ചെയ്‌ത പതിനായിരങ്ങൾ കിട്ടാതാകുമ്പോൾ വിളിച്ചാൽ ഫോണെടുക്കില്ല. കുറച്ചുപേരെക്കൂടി ഇതുപോലെ പറ്റിച്ച് കാശ് വാങ്ങി പുതിയ ഫോൺ നമ്പറുമായി സംഘം തട്ടിപ്പ് തുടരും. വാട്‌സാപ്പിൽ നൽകിയ കമ്പനി അഡ്രസ് മുംബൈയോ ഡൽഹിയോ ആയിരിക്കും. അന്വേഷിച്ചാൽ അതും വ്യാജനായിരിക്കും.